അഡ്വ. ആര്.രാജേന്ദ്രന്
യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെതിരായി കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ പാസ്സാക്കപ്പെട്ട പ്രമേയം ഭരണഘടനാവിരുദ്ധവും അത്തരം ഒരു പ്രമേയം പാസ്സാക്കിയ നിയമസഭാംഗങ്ങളുടെ നടപടി സത്യപ്രതിജ്ഞാലംഘനവുമാണ്.
പലപ്പോഴും രാജ്യവിരുദ്ധ നിലപാടെടുക്കുന്നതില്‍ നമ്മുടെ നിയമസഭ മുന്നിലാണ്. സിഎഎ യ്ക്കെതിരെയും കോയമ്പത്തൂര്‍ സ്ഫോടനക്കേസ്സില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ നാസര്‍ മദനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും നമ്മുടെ നിയമസഭ ഐക്യകണ്ഠ്യേന പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ലോകാരാധ്യനായ നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാം നിയമസഭ സന്ദര്‍ശിച്ചപ്പോള്‍ മദനിയെ വിട്ടയക്കണമെന്ന വിചിത്രമായ ആവശ്യം മാത്രമാണ് ഉന്നയിച്ചത്. പച്ചയായ മത പ്രീണനത്തിന്റെ ഭാഗമായുള്ള രാജ്യവിരുദ്ധ നിലപാടുകളാണിവ. യുസിസി പ്രമേയത്തിന്റെ പിന്നിലെ ചേതോവിഹാരവും അതുതന്നെയാണ്.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഒരംഗം ഭരണഘടനയിലെ അനുച്ഛേദ്ദം 188 അനുസരിച്ച് സത്യവാചകം ചൊല്ലിയാണ് അംഗമാകുന്നത്. അത്തരം സത്യപ്രതിജ്ഞ ചെയ്യാത്ത ഒരാള്‍ സഭയുടെ ഭാഗമാകില്ല. ഭാരതത്തിന്റെ ഭരണഘടനയോട് കൂറും വിശ്വാസവും പുലര്ത്തിക്കൊള്ളാമെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തു സൂക്ഷിക്കുമെന്നുമാണ് ആ സത്യവാചകത്തിലുള്ളത്. കഴിഞ്ഞ ദിവസം യുസിസി പ്രമേയത്തെ അനുകൂലിച്ച മുഴുവന്‍ അംഗങ്ങളും ഈ സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയത്. അതിനാല്‍ തന്നെ അവര്‍ നിയമസഭാ അംഗങ്ങളായി തുടരാന്‍ അര്‍ഹരുമല്ല. ഈ വിഷയത്തില്‍ ഏതെങ്കിലും ഒരു വ്യക്തി നീതി പീഠത്തെ സമീപിച്ചാല്‍ അംഗങ്ങളുടെ നിയമസഭാംഗത്വം നഷ്ടപ്പെടാനിടയായേക്കും
യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുക എന്നത് ഭരണഘടനയിലെ 44-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ളതാണ്. അത് ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഭരണഘടനാനുസൃതമായി സ്ഥാപിതമായ ഒരു നിയമനിര്‍മ്മാണ സഭ ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തിനെതിരായി പ്രമേയം പാസ്സാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. നാഴികയ്ക്ക് നൂറുവട്ടം ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് പറയുന്നവര്‍ തന്നെ ഭരണഘടനാ തത്വത്തെ പരസ്യമായി തള്ളിപ്പറഞ് പ്രമേയം പാസ്സാക്കിയതിന്റെ പിന്നില്‍ സംഘടിത മതന്യൂനപക്ഷ പ്രീണനം മാത്രമാണ്.
രാജ്യത്തിനാകമാനം ബാധകമായ ഒരു സിവില്‍ നിയമസംഹിത നിര്‍മ്മിക്കുക (ഠവല േെമലേ വെമഹഹ ലിറലമ്ീൃ ീേ ലെരൗൃല ളീൃ വേല രശശ്വേലി െമ ൗിശളീൃാ ഇശ്ശഹ ഇീറല (ഡഇഇ) വേൃീൗഴവ ീൗ േവേല ലേൃൃശീേൃ്യ ീള കിറശമ.) ഇത് 1949 നവംമ്പര്‍ 26ന് നിലവില്‍വന്ന ഭാരത ഭരണ ഘടനയിലെ 44-ാം വകുപ്പില്‍ എഴുതി ചേര്‍ത്തിട്ടുള്ളതാണ്. ഭരണഘടനയിലെനിര്ദ്ദേശക തത്വങ്ങളിലാണ് യുസിസിയെ(പാര്‍ട്ട്-4) ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും ജനങ്ങളുടെയാകെ ക്ഷേമത്തേയും നന്മയേയും മുന്‍നിര്‍ത്തി സര്‍ക്കാരുകള്‍ നടപ്പിലാക്കാനുള്ളവയാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന വിപുലമായ ചര്‍ച്ചയില്‍ ഭാഗം മൂന്നില്‍ മൗലികാവകാശങ്ങളുടെ ഭാഗമായി ചേര്‍ക്കേണ്ടിയിരുന്ന പല പ്രധാന കാര്യങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശ തത്വങ്ങളുടെ പട്ടികയിലേക്ക് മാറ്റിയത് സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വരുന്ന ഒരു സര്‍ക്കാരിന് ഉടനടി വന്‍ ബാദ്ധ്യതയുണ്ടാകണ്ട എന്ന പരിഗണയില്‍ മാത്രമാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളിലെ നിര്‍ദ്ദേശങ്ങളൊക്കെ തന്നെ ഒരു ക്ഷേമ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതും ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കാനുദ്ദേശിച്ചുള്ളവയുമാണ്. ഭരണഘടന വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ മൗലികാവകാശങ്ങളെക്കാള്‍ പ്രാധാന്യം നിര്‍ദ്ദേശക തത്വങ്ങള്‍ക്കുണ്ട് എന്നാണ്.
44-ാം വകുപ്പനുസരിച്ച് യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കാന്‍ ഏതൊരു സര്‍ക്കാരും പ്രതിഞ്ജാബദ്ധരാണ്. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ നാലു വോട്ടിനു വേണ്ടി നിലപാടുകള്‍ മടിയില്ലാതെ മാറ്റുന്ന രാഷ്ട്രീയക്കാരും, മതത്തിന്റെ പേരില്‍ അനാവശ്യ അവകാശങ്ങള്‍ അനുഭവിക്കുന്ന മത മേലദ്ധ്യക്ഷന്മാരും കേന്ദ്ര സര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ യുദ്ധം ഭരണഘടനയ്ക്കെതിരാണെന്ന വസ്തുത അവര്‍ മറച്ചു പിടിക്കുകയാണ്. രാജ്യത്തിന് മുഴുവന്‍ ബാധകമായ യൂണിഫോം സിവില്‍ കോഡ് നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും അതിനെ എതിര്‍ക്കുക എന്നാല്‍ ഭരണഘടനയെ എതിര്‍ക്കുന്നതിന് തുല്യമാണെന്നും 1985 ല്‍ പറഞത്, പ്രമുഖ നിയമ വിശാരദനായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ ആണ്. ഇഎംഎസ്സിനേയും നായനാരേയും പോലുള്ള രാഷ്ട്രീയ നേതാക്കന്മാരും യുസിസിയുടെ ആവശ്യകതയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പരസ്യ പ്രതികരണം നടത്തിയിട്ടുണ്ട്. യുസിസി ഭരണഘടന നിഷ്കര്‍ഷിക്കുന്നതാണ്, അത് രാജ്യത്ത് നടപ്പിലാക്കാനുള്ളതാണ്.
നമ്മുടെ ഭരണഘടനയിലെ അനുച്ഛേദം 14 അനുസരിച്ച് എല്ലാ പൗരന്മാരും നിയമത്തിന്റെ മുന്നില്‍ സമന്മാരാണ്. അനുച്ഛേദം 15 അനുസരിച്ച് പൗരന്മാരോട് ജാതിയുടേയോ മതത്തിന്റേയോ, ലിംഗത്തിന്റേയോ പേരില്‍ ഒരു വിവേചനവും കാണിക്കാന്‍ പാടില്ല എന്ന് പറയുന്നുണ്ട്. ഭരണഘടനയിലെ 14ഉം, 15 ഉം അനുച്ഛേദങ്ങളുടെ തുടര്‍ച്ചയാണ് യഥാര്‍ത്ഥത്തില്‍ 44-ാം അനുച്ഛേദം. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഡോ.അംബേദ്കറും ഇതേ അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുസിസി മതത്തിനെതിരല്ല, മതവുമായി കൂട്ടികുഴയ്ക്കരുത്, ഭരണഘടനയില്‍ വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കില്ല. ഇതായിരുന്നു ഡോ.അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്.
ഒരു പരിഷ്കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ബാധകമായ ഏക സിവില്‍ നിയമമുണ്ടാക്കുക എന്നത് ഏറ്റവും അത്യാവശ്യമാണ്. ഇന്ന് നമ്മുടെ രാജ്യത്ത് എല്ലാവര്ക്കും ബാധകമായ ക്രിമിനല്‍ നിയമങ്ങളുണ്ട്. വിവാഹം, വിവാഹമോചനം, പിന്തുടര്ച്ച, സ്വത്തവകാശം, ദത്തെടുക്കല്‍ ഒഴികെ എല്ലാവര്ക്കും ബാധകമായ സിവില്‍ നിയമങ്ങളും ഉണ്ട്. ചുരുക്കം പറഞ്ഞാല്‍ യുസിസിമൂലം ഏകീകരിക്കാന്‍ പോകുന്ന മേഖലകള്‍ വിവാഹം, പിന്തുടര്ച്ച, ദത്തെടുക്കല്‍ എന്നിവ മാത്രമാണ്.
യുസിസി നടപ്പിലാക്കുന്നതിനെതിരെ വ്യാപകമായ തെറ്റിദ്ധാരണ പടര്‍ത്താനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും മത്സരിക്കുന്നത്. യുസിസി മുസ്ലീംങ്ങള്ക്കെതിരാണ് എന്ന തരത്തിലുള്ള പ്രചരണമാണ് ഇരുകൂട്ടരും നടത്തുന്നത്. വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിന്റെ പിന്നിലെന്ന് മനസ്സിലാക്കാന്‍ മുസ്ലിം സാമാന്യ വിഭാഗത്തിന് കഴിഞാല് അവിടെ തീരാവുന്നതേയുള്ളു പ്രശ്നം. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധകമായ പൊതു സിവില്‍ നിയമം എന്നാണ് ഭരണഘടനയില്‍ തന്നെ പറയുന്നത്. ഏതെങ്കിലും വ്യക്തിയുടെ മത സ്വാതന്ത്ര്യത്തേയോ, ആരാധനാ സമ്പ്രദായത്തേയോ, ആചാര ക്രമത്തേയോ ഇതു ബാധിക്കില്ല. നേരത്തേ സൂചിപ്പിച്ച മേഖലകളില്‍ മാത്രമാണ് ഏകീകരണമുണ്ടാവുക. വിവാഹത്തിനും വിവാഹമോചനത്തിനും പരിഷ്കൃത സമൂഹത്തിന് ആവശ്യമായ നിയമനിര്‍മ്മാണം ഉണ്ടായേ തീരൂ.
യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും. പ്രത്യേകിച്ചും മുസ്ലീം സ്ത്രീകള്‍. യുസിസിയെ എതിര്‍ക്കുന്നവര്‍ സ്ത്രീ സമത്വത്തെയാണ് എതിര്‍ക്കുന്നത്, കുട്ടികളുടെ അവകാശങ്ങളെയാണ് ഹനിക്കുന്നത് (ദത്ത് നിയമവും യുസിസിയില്‍ വരും), വിവാഹമോചിതരാവുന്ന സ്ത്രീകളെ തെരുവിലേക്കെറിയാനാണ് ശ്രമിക്കുന്നത്. കാലാനുസൃതമായി മാറാന്‍ തയ്യാറല്ലാത്ത അവസരവാദ രാഷ്ട്രീയക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ മതാതീതമായി സ്ത്രീ സമൂഹം ഉണരണം.
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: