കാഞ്ഞങ്ങാട്: ചതുര്‍-രാഷ്‌ട്ര കോണ്ടിനെന്റല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാള്‍ട്ട ദേശീയ വനിതാ ക്രിക്കറ്റ് ടീമിന് മൂന്നാം സ്ഥാനം. വിജയത്തിന് പിന്നില്‍ കാഞ്ഞങ്ങാട്ടുകാരി അനുപമ രമേശും. റൊമാനിയയില്‍ നടന്ന ടൂര്‍ണമെന്റിലെ നാല് മാച്ചുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ അനുപമ രമേശ് 114 റണ്‍സും 5 വിക്കറ്റും നേടിയാണ് മാള്‍ട്ടക്ക് വെങ്കലം സമ്മാനിച്ചത്. മാള്‍ട്ടയെ കൂടാതെ ഗ്രീസ്, റൊമാനിയ, ഐസില്‍ മാന്‍ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. കൊഴക്കുണ്ട് മുത്തപ്പന്‍ത്തറയിലെ വ്യാപാരി നിട്ടടുക്കത്തെ രമേശന്റെയും അംബേദ്കര്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.വി.സാവിത്രിയുടെയും മകളാണ് അനുപമ. മാള്‍ട്ടയിലെ സര്‍ക്കാര്‍ ആശുപത്രില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനുപമ. ജോലി കഴിഞ്ഞ് വന്ന ശേഷമാണ് ക്രിക്കറ്റ് പരീശലനം നടത്തുന്നത്. നേരത്തെ ചെമ്മട്ടംവയല്‍ താമസിച്ചിരുന്ന അനുപമ കുട്ടിക്കാലത്ത് ക്രിക്കറ്റിനോട് കമ്പം ഉണ്ടായിരുന്നു. ആണ്‍കുട്ടികളുടെ കൂടെ എന്നും ക്രിക്കറ്റ് കളിക്കുമായിരുന്നു. സ്‌പോര്‍ട്‌സിനോട് താല്‍പ്പര്യമുണ്ടായിരുന്ന അനുപമയെ അന്ന് മത്സരങ്ങള്‍ക്ക് വിടാന്‍ അമ്മയ്‌ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനെ കുറിച്ച് അമ്മ പശ്ചാത്തപിക്കുയാണ്.
കഴിഞ്ഞ വര്‍ഷവും ടീമിന് വേണ്ടി കളിച്ചിരുന്നു. അനുപമയെ കൂടെതെ ബിബിന മെറിന്‍ ബേബി, ഷംല ചോലശ്ശേരി കളിക്കാരായി കൂടെയുണ്ടായിരുന്നു. കോച്ച്: പ്രിയന്‍ പുഷ്പരാജന്‍, ദര്‍ശിത,് ടീം മാനേജരായ അനീറ്റ സന്തോഷ് എന്നിവരും മലയാളികളാണ്. ഷംല ചോലശ്ശേരി ആറ് വിക്കറ്റും 75 റണ്‍സും ബിബിന മെറിന്‍ ബേബി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരു വിക്കറ്റും നേടിയിരുന്നു. രണ്ടുമാസത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ടീമിന്റെ വിജയം. ഈ വിജയം വരും നാളുകളില്‍ മാള്‍ട്ടയിലെ വനിതാ ക്രിക്കറ്റിന് ഊര്‍ജ്ജം പകരുന്നതും കൂടുതല്‍ വനിതകളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്നതുമാണെന്ന് മാള്‍ട്ടാ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ഇന്‍ഡിക്ക പെരേരേ പറഞ്ഞു.
മാള്‍ട്ടയിലുള്ള വനിതകളെ കൂടാതെ ഇനിയും ക്രിക്കറ്റ് കളിക്കാന്‍ താല്പര്യമുള്ള വനിതകള്‍ക്കും കുട്ടികള്‍ക്കും ചുവടെ കൊടുത്തിരിക്കുന്ന നമ്പര്‍ ബന്ധപ്പെടാമെന്നും +35677112482 ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക