തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല ശുപാര്‍ശ ചെയ്ത നാല് കര്‍ഷകര്‍ ദേശീയ പുരസ്കാരമായ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡിനു അര്‍ഹരായി. വയനാട് ജില്ലയിലെ പ്രസീദ് കുമാര്‍ തൈയില്‍, സുനില്‍ കുമാര്‍ എം., തൃശൂര്‍ ജില്ലയിലെ വിനോദ്കുമാര്‍, കോഴിക്കോട് ജില്ലയിലെ ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ്. കാര്‍ഷിക ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റി ആന്‍ഡ് ഫാര്‍മേഴ്സ് അതോറിറ്റി ദേശീയതലത്തില്‍ ഈ അവാര്‍ഡ് നല്‍കുന്നത്.
ജൈവവൈവിധ്യം സംരക്ഷിക്കുന്നതില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ച് കാര്‍ഷിക സര്‍വ്വകലാശാലയാണ് നാല് കര്‍ഷകരെയും ശൂപാര്‍ശ ചെയ്തത്. സര്‍വ്വകലാശാല ശൂപാര്‍ശ ചെയ്ത 18 കര്‍ഷകര്‍ക്കും 6 കര്‍ഷക കൂട്ടായ്മകള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെന്റാണ് അപേക്ഷകള്‍ തയ്യാറാക്കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കിയത്.
പ്രസീദ് കുമാര്‍
163 ഇനം നെല്ല്, വാഴ, മാവ്, പ്ലാവ് തുടങ്ങിയവയുടെ പത്തിലേറെ ഇനങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിവയുടെ വിവിധ ഇനങ്ങള്‍ പ്രസീദിന്റെ കൃഷിയിടത്തിലുണ്ട്. വിവിധ ഇനം നെല്ല് വിത്തുകള്‍ നട്ട് ഇന്ത്യന്‍ ഭൂപടം, ബുദ്ധന്, മത്സ്യങ്ങള്‍ എന്നിവയുടെ ത്രിമാന ചിത്രങ്ങള്‍ നെല്‍പാടത്ത് ഒരുക്കുന്ന കലയിലും വിദഗ്ധനാണ്. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ ഹരിത വ്യക്തി അവാര്‍ഡ്, ആത്മ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
സുനില്‍കുമാര്‍ എം.
അപൂര്‍വയിനം കാര്‍ഷിക വിളകളുടെയും സസ്യങ്ങളുടെയും കലവറയാണ് സുനില്‍കുമാറിന്റെ കൃഷിയിടം. 106 ഇനം നെല്ല്, 9 ഇനം ചേന, 14 ഇനം കാച്ചില്, 11 ഇനം തുളസി തുടങ്ങി വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, മഞ്ഞള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവിളകള്‍ തുടങ്ങിയവയും ഔഷധസസ്യങ്ങളും സുനിലിന്റെ കൃഷിയിടത്തില്‍ വളരുന്നു. പശു, ആട്, കോഴി, മീന്‍ വളര്‍ത്തല്‍ എന്നിവയും സംയോജിപ്പിച്ചിട്ടുണ്ട്. കൃഷി വകുപ്പ്, ആത്മ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് തുടങ്ങിയ നിരവധി സംഘടനകളുടെ അവാര്‍ഡുകള്‍ ലഭിച്ചു.
ജോണ്‍ ജോസഫ്
കേരളത്തിലെമ്പാടും നിന്ന് മികച്ച ജാതിക്ക ഇനങ്ങള്‍ ശേഖരിച്ചു വളര്‍ത്തുന്ന ഒരു കര്‍ഷകനാണ് ജോണ്‍ ജോസഫ്. 88 ഇനം ജാതി, 100 ഓളം ഫലവര്‍ഗങ്ങള്‍ നിരവധി ഔഷധസസ്യങ്ങള്‍, 7 ഇനം മുള, 20 ഇനം കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ജോണ്‍ ജോസഫിന്റെ കൃഷിയിടം. ദേശീയതലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
വിനോദ്
പ്രധാനമായും കിഴങ്ങുവര്‍ഗ വിളകളുടെ ഇനങ്ങളാണ് വിനോദ് സംരക്ഷിക്കുന്നത്. 53 ഇനം കപ്പ, 89 ഇനം ചേമ്പ്, 43 ഇനം കാച്ചില്, 7 ഇനം മധുരക്കിഴങ്ങ്, വാഴ, ഇഞ്ചി, മഞ്ഞള്‍, മാവ്, പ്ലാവ്, കുരുമുളക് തുടങ്ങിയവയുടെയും പത്തിലേറെ ഇനങ്ങള്‍ ഔഷധ സസ്യങ്ങള്‍ എന്നിവ നാല് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ സംരക്ഷിച്ചുവരുന്നു. സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ്, ജൈവ കര്‍ഷക അവാര്‍ഡുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. പല അപൂര്‍വയിനം സസ്യങ്ങളും കൃഷിചെയ്ത് സംരക്ഷിക്കുന്ന കര്ഷകന് കൂടിയാണ് വിനോദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: