മനോജ് പൊന്‍കുന്നം
കാര്‍ഷികവൃത്തിയുമായിബന്ധപ്പെട്ട് പുരാതനകാലം മുതല്‍ നിലനില്‍ക്കുന്ന കേരളീയ ആചാരമാണ് നിറപുത്തരി. നെല്‍ വയലുകളാല്‍ സമൃദ്ധമായിരുന്ന കേരളത്തിലെ കാര്‍ഷിക വൃത്തി അവരുടെ വിശ്വാസങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ ആചാരം. ആ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനയുടെ ഭാഗമാണിന്ന്. കാര്‍ഷികവൃത്തിയും നമുക്ക് ദൈവികമായിരുന്നു.
കര്‍ക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ഒരു ശുഭദിനത്തിലാണ് ഇത് ആചരിക്കാറുള്ളത്. കൃഷിക്ക് സമൃദ്ധമായ വിളവും വീടുകളില്‍ ഐശ്വര്യവും നാടിന് അഭിവൃദ്ധിയും ഉണ്ടാകും എന്ന വിശ്വാസത്തിലാണ് ഇത് ആചാരിക്കുന്നത്.
ഓരോ കര്‍ഷകനും കാലത്തു തന്നെ മുങ്ങിക്കുളിച്ച് ഈറന്‍ വസ്ത്രങ്ങളോടെ തങ്ങളുടെ പാടത്തുവിളയിച്ച ഒരുപിടി നെല്‍ക്കതിര്‍ അറുത്തെടുത്ത് കറ്റയാക്കി നാട്ടിലെ ക്ഷേത്രങ്ങളിലേക്ക് വഴിപാടായി സമര്‍പ്പിക്കും.
കൊയ്‌ത്തിനുമുന്‍പ് ആദ്യം തങ്ങളുടെ വിളവ് ഭഗവാന് നിവേദിച്ചാല്‍ അത് തങ്ങള്‍ക്കും വീടിനും നാടിനും അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യും എന്ന അചഞ്ചലമായ വിശ്വാസം. നിറപുത്തരി ദിവസം രാവിലെ ഈ നിറകതിര്‍ കറ്റകള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രധാന പുരോഹിതനും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് ഭക്തിപൂര്‍വം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചു മണ്ഡപത്തില്‍ സമര്‍പ്പിക്കും. മേല്‍ശാന്തി കതിര്‍കെട്ടുകള്‍ തേവര്‍ക്ക് സമര്‍പ്പിച്ചു പൂജചെയ്തു പുറത്തുകൊണ്ടുവന്ന് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. ഈ കതിര്‍ ഭക്തര്‍ ആദരപൂര്‍വ്വം വീട്ടില്‍ കൊണ്ടുവന്നു പൂമുഖത്ത് തൂക്കും. ഐശ്വര്യപൂര്‍ണ്ണതയോടെ അടുത്ത വര്‍ഷം ആ ദിവസം വരെ അതവിടെ ഉണ്ടാവും.
പലക്ഷേത്രങ്ങളിലും നിറപുത്തരിക്കുള്ള കതിരുകള്‍ കൊടുക്കുന്നതിന് അവകാശികള്‍ ഉണ്ടായിരിക്കും, ഒരുപക്ഷെ വഴിപാട് ആചാരവും ആചാരം പിന്നീട് അവകാശമായതുമാവാം.
മലബാറില്‍ ഇല്ലം നിറ എന്നപേരില്‍ ഏതാണ്ട് സമാനമായ ചടങ്ങ് നടക്കുന്നുണ്ട്. കുറച്ചുകൂടി അനുഷ്ഠാന പ്രധാനമാണ് അവിടെ ആചാരങ്ങള്‍. മിക്കവാറും എല്ലാ വീടുകളിലും ഇല്ലം നിറ ആഘോഷിക്കും. കര്‍ക്കടകത്തിലെ അമാവാസിക്കുശേഷം വരുന്ന ഞായറാഴ്ചയാണ് ഇത് നടക്കുക. മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ഗൃഹനാഥന്‍ കുളിച്ചുശുദ്ധമായി വന്നു വീട്ടില്‍ ചാണകം മെഴുകി തയ്യാറാക്കിയ സ്ഥലത്ത് വിധിപ്രകാരം അരിമാവുകൊണ്ട് അണിയുന്നു, കുട്ടികളോ മുതിര്‍ന്നവരോ അണിഞ്ഞ അരിമാവില്‍ കൈകള്‍ മുക്കി വീട്ടിലെ പ്രധാന വാതിലുകളിലും അറയിലും നിരയിലും പത്തായത്തിലും അടുക്കള ഭിത്തിയിലും പതിപ്പിക്കുന്നു. ഗൃഹനാഥന്‍ ആ സ്ഥലങ്ങളില്‍ ഗണപതിക്കു തൃമധുരം നിവേദിക്കും. സമൃദ്ധിയുടെ അടയാളമായി അത് വര്‍ഷം മുഴുവന്‍ തെളിഞ്ഞുനില്‍ക്കും.
അതിനുശേഷം നാല്‍പ്പാമരവും ദശപുഷ്പവും പൂജിച്ചു കിണ്ടിയില്‍ തുളസിതീര്‍ത്ഥവും നിലവിളക്കുമായി പാടത്തേക്ക് എത്തും. പാടത്തു വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ മുറിച്ചെടുത്തു കറ്റകളാക്കി തലയില്‍ചുമന്നു വീട്ടിലേക്ക് നടക്കും. മുന്‍പില്‍ നടക്കുന്നവര്‍ വഴിയില്‍ തുളസിതീര്‍ത്ഥം തളിച്ചിരിക്കും, നിലവിളക്കുമായി മറ്റൊരാളും ഉണ്ടാവും. ഇല്ലം നിറ വല്ലം നിറ വട്ടിനിറ പെട്ടി നിറ പത്തായം നിറ എന്ന് ചൊല്ലിക്കൊണ്ടാവും യാത്ര. ഐശ്വര്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. വീട്ടില്‍ കറ്റയുമായി എത്തുന്ന ഗൃഹനാഥനെ അഷ്ടമംഗല്യവുമായി സ്ത്രീകള്‍ ഉപചാരപൂര്‍വം സ്വീകരിക്കും. ആ കതിരുകള്‍ പൂജിച്ചു പൂമുഖത്തും അറവാതിലിലും പത്തായപ്പുരയിലും കെട്ടിതൂക്കുന്നു. തങ്ങളുടെ അധ്വാനത്തിനുള്ള സമൃദ്ധമായ വിളവ് ഈശ്വരന്റെ അനുഗ്രഹം എന്നവര്‍ വിശ്വസിക്കുന്നു. വരും വര്‍ഷങ്ങളിലും ഇതാവര്‍ത്തിക്കുന്നു.
ഇല്ലം നിറയ്‌ക്ക് കൊയ്യുന്ന ആ വര്‍ഷത്തെ ആദ്യത്തെ നെല്ല്, കുത്തി അരിയാക്കി പായസം വെക്കുന്നതും ഒരു ചടങ്ങാണ്. പുത്തരിപ്പായസം എന്നാണ് അത് അറിയപ്പെടുന്നത്.
മുന്‍പ് അനുഷ്ഠാനത്തിന്റെ ഭാഗമായിരുന്ന ആചാരങ്ങളൊക്കെ ഇന്ന് ചടങ്ങുകള്‍ മാത്രമായി പരിണമിച്ചിരിക്കുന്നു. കൃഷി ചെയ്യുന്ന പാടങ്ങളും കര്‍ഷകരും നാമമാത്രമായി. നിറപുത്തിരി ചടങ്ങുകള്‍ ശബരിമലയിലും മറ്റു പ്രധാന ക്ഷേത്രങ്ങളിലും എല്ലാവര്‍ഷവും നടക്കാറുണ്ട്. ശ്രീകോവിലിനുള്ളില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.
നിറപുത്തരി ആഘോഷങ്ങളില്‍ കൗതുകമുണര്‍ത്തുന്ന ഒരുകാര്യം ആണ് ഹരിപ്പാട് ട്രഷറിയുമായി ബന്ധപ്പെട്ടുള്ളത്. മുന്‍പ് രാജഭരണകാലം മുതല്‍ നടന്നുവന്നതും, ഇന്ന് ജനാധിപത്യ ഭരണ സംവിധാനത്തിലും തുടര്‍ന്നുവരുന്നതുമായ ഒരു സംഗതിയാണ് ഹരിപ്പാട് ട്രഷറി ഓഫീസിലെ നിറപുത്തിരി ആഘോഷം. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നിന്നും പൂജിച്ച് നല്‍കുന്ന നെല്‍ക്കതിര്‍ ആചാര്യ മര്യാദകളോടെ എഴുന്നള്ളത്തായി ട്രഷറിയില്‍ എത്തി ഖജനാവില്‍ സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഏക നിറപുത്തരി ചടങ്ങാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: