പെരുങ്കടവിള: പെരുങ്കടവിള പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം നിലച്ചിട്ട് ആഴ്ച്ചകളായി. ‘ഞാനൊന്നുമറിഞ്ഞില്ലേ നാമനാരായണ’ എന്ന മട്ടില്‍ അനക്കമില്ലാതെ വാട്ടര്‍ അതോറിറ്റിയും. പെരുങ്കടവിള കീളിയോട് റോഡില്‍ ജല്‍ജീവന്‍ മിഷന് പുതിയ പൈപ്പ് കണക്ഷന് സ്ഥാപിച്ചതുമുതലാണ് നാട്ടുകാരുടെ കഷ്ടകാലം ആരംഭിച്ചത്. ഗുണനിലവാരമില്ലാത്ത പിവിസി പൈപ്പ് ആഴം കുറച്ച് സ്ഥാപിച്ച് ടാര്‍ ചെയ്തതോടെ ദിനംപ്രതി ശരാശരി മൂന്നിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം മുട്ടുന്നതാണ് പതിവ്. ക്വാറികളില്‍ നിന്നുള്ള ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്നതും പൈപ്പ് പൊട്ടലിന് കാരണമാകുന്നുണ്ട്.
ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് വ്യാപാരികള്‍ പറയുന്നു. തത്തിയൂര്, പഴമല, ആലത്തൂര്‍, തോട്ടവാരം മേഘലകളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. ചില പ്രദേശങ്ങളിലേക്ക് വെള്ളം തിരിച്ചു വിടുന്നതില്‍ രാഷ്ട്രീയ സ്വാധീനവുമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം മാമ്പഴക്കര നെയ്യാറില്‍ ജലനിരപ്പ് കുറയുമ്പോള്‍ വെള്ളം പമ്പ് ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി മണല്‍ നിറച്ച ചാക്ക് ഉപയോഗിച്ച് സ്ഥാപിച്ച തടയണ സാമൂഹികവിരുദ്ധര്‍ പൊട്ടിച്ചതുമൂലം പമ്പിംഗ് നിര്‍ത്തിവച്ചതാണ് ജലവിതരണം തടസപ്പെടാന്‍ കാരണമെന്നാണ് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ പറയുന്നത്. പകരം കാളിപ്പാറ ലൈന്‍ കണക്ട് ചെയ്തെന്നും ഉടന്‍ വെള്ളമെത്തുമെന്നും എഇ പറഞ്ഞെങ്കിലും എല്ലാം വെള്ളത്തിലായി. വെള്ളംകുടി മുട്ടി.
പെരുങ്കടവിള മുള്ളറവിള റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പണികള്‍ കോണ്ട്രാക്ടര്മാരുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വാട്ടര്‍ അതോറിറ്റി പണികള്‍ നടക്കേണ്ടത് അസിസ്റ്റന്റ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാവണം എന്ന വ്യവസ്ഥ മറികടന്നാണിത്. പണികള്‍ ഇഴഞ്ഞുനീങ്ങുന്നതും ജലവിതരണം പുനരാരംഭിക്കാന്‍ തടസ്സമാവുന്നുണ്ട്. വെള്ളമില്ലാതെ ജനം ബുദ്ധിമുട്ടുമ്പോള്‍ വാട്ടര്‍ അതോറിറ്റി യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികൈളൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: