കൊച്ചി: സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഗണപതിയുടെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് നാല് ആഴ്ചത്തേക്കാണ് സ്റ്റേ.
നിയമവിരുദ്ധമായാണ് തങ്ങള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഗീത് കുമാര്‍ ഹര്‍ജി നല്‍കിയത്. നാമജപ യാത്ര സംഘടിപ്പിച്ചത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും കേസ് അനാവശ്യമാണെന്നും എന്‍എസ്എസ് കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ഇതിനിടെ എന്‍എസ്എസിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല.
കഴിഞ്ഞ ആഴ്ചയായിരുന്നു എന്‍എസ്എസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാമജപ യാത്ര സംഘടിപ്പിച്ചത്. ഇതില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രയ്ക്കെതിരെ ആയിരുന്നു പോലീസ് നടപടി. യാത്ര ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും, ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി കന്റോണ്‍മെന്റ് പോലീസാണ് കേസ് എടുത്തത്. സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. പരിപാടിയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: