തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് സ്വകാര്യ കമ്പനിയായ കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡില്‍ (സിഎംആര്‍എല്‍) നിന്ന് 1.72 കോടി മാസപ്പടി ലഭിച്ച സംഭവത്തില്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മൗനം. മൂന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് വിധിച്ചത് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂദല്‍ഹി ബെഞ്ചാണ്. എന്നിട്ടും വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പോലും പ്രതിപക്ഷം തയ്യാറായില്ല.
വീണയ്ക്കും അവരുടെ മാത്രം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യന്സിനുമാണ് പണം നല്‍കിയിരിക്കുന്നത്. ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര് സേവനങ്ങള്‍ക്കായി കരാറുണ്ടാക്കിയ ശേഷമാണ് പണം നല്‍കിയത്. എന്നാല്‍ വീണയുടെ സ്ഥാപനം കരാറനുസരിച്ചുള്ള സേവനമൊന്നും നല്‍കിയില്ല. വീണയ്ക്ക് 55 ലക്ഷവും എക്സാലോജിക്കിന് 1.17 കോടിയുമായാണ് തുക നല്‍കിയിരിക്കുന്നത്. കരാര്‍ പ്രകാരം മാസംതോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്ത മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിഎംആര്‍എല്ലുമായി വീണയും എക്സാലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ലഭിച്ചിട്ടുണ്ട്. മാത്രമല്ല രാഷ്ട്രീയ, ട്രേഡ് യൂണിയന് നേതാക്കള്‍, പോലീസുദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിയമ വിരുദ്ധമായി കോടിക്കണക്കിനു രൂപ നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബാങ്ക് മുഖേനയാണ് പണം നല്‍കിയതെങ്കിലും വീണയ്ക്കും കമ്പനിക്കും നല്കിയ പണം നിയമ വിരുദ്ധ ഇടപാടായി കണക്കാക്കണമെന്ന ആദായ നികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ചെലവുകള്‍ പെരുപ്പിച്ചുകാട്ടി നികുതി വെട്ടിപ്പും സിഎംആര്‍എല്‍ നടത്തിയിട്ടുണ്ട്.
സുരേഷ് കുമാര്‍ നല്‍കിയിരിക്കുന്ന സ്വന്തം നേതാക്കളുടെ പേര് പുറത്തുവന്നതോടെ യുഡിഎഫ് മൗനത്തിലായി. അതേ സമയം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ്കെ. സുധാകരനും മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംഎല്‍എ മാത്യു കുഴല്‍നാടനും ആവശ്യപ്പെട്ടു.
മാധ്യമ വേട്ടയെന്ന പതിവു നിലപാടിലാണ് ഇടതുപക്ഷം. പുതുപ്പള്ളി തെരഞ്ഞെടുപ്പായതിനാല്‍ നിയമസഭ ഇന്നു കൂടിയേ ചേരൂ. ഇനി സപ്തംബര്‍ 14ന് സഭ തുടങ്ങും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന നിയമസഭാ കാര്യോപദേശക സമിതിയാണ് ഇന്നലെ തീരുമാനമെടുത്തത്. ഇതും ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: