ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ചാവേറുമായിരുന്ന ജമീഷ മുബിന്റെ വലംകൈ മുഹമ്മദ് ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തിലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ആയുധ പരിശീലനം ഇവിടെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആഗസ്ത് രണ്ടിനാണ് ഇദ്രിസിനെ കോയമ്പത്തൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ എവിടെയെന്ന് എന്‍ഐഎ പറയുന്നില്ലെങ്കിലും പിഎഫ്ഐ കേന്ദ്രമായിരുന്ന മഞ്ചേരിയിലെ ഗ്രീന്‍ വാലിയിലെന്നാണ് സംശയം. 25 ഏക്കറുള്ള ഇവിടെ വന്‍തോതില്‍ ആയുധ, ബോംബ് നിര്‍മാണ പരിശീലനമുണ്ടായിരുന്നതായി എന്‍ഐഎ കണ്ടെത്തി.
ഇദ്രിസ് ബോംബുനിര്‍മാണത്തില്‍ വിദഗ്ധനായിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്നാണ്, കുറഞ്ഞ സമയത്തില്‍ എങ്ങനെ ബോംബുണ്ടാക്കാമെന്നതിനെക്കുറിച്ച് എന്‍ഐഎ അറിഞ്ഞത്. 25കാരനായ ഇദ്രിസ് ഉക്കടം സ്വദേശിയാണ്.
ഗൂഢാലോചനയില്‍ മുഴുവന്‍ സമയവും മുബിനൊപ്പം ഇദ്രിസുണ്ടായിരുന്നു. സ്ഫോടനത്തിനു നിരവധി പേരാണ് പ്രതികള്‍ക്കു സാമ്പത്തിക സഹായം നല്‍കിയത്. അറസ്റ്റിനു തൊട്ടുമുമ്പായി ഇദ്രിസ് തന്റെ ചില സുഹൃത്തുക്കളെ കണ്ടിരുന്നതിന്റെ തെളിവുകളും ലഭിച്ചു.
2022 ഒക്ടോബര്‍ 23നായിരുന്നു കോയമ്പത്തൂര്‍ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനു സമീപം ബോംബുകള്‍ നിറച്ച പഴയ മാരുതി 800 കാര്‍ പൊട്ടിത്തെറിച്ചത്. കേസിലെ ആദ്യഘട്ട കുറ്റപത്രം ഏപ്രില്‍ 20ന് എന്‍ഐഎ സമര്‍പ്പിച്ചിരുന്നു. ആദ്യം ആറു പ്രതികളായിരുന്നു കുറ്റപത്രത്തില്‍.
പിന്നീട് ജൂണ്‍ രണ്ടിന് അഞ്ചുപേരെക്കൂടി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം നല്കി. കേസില്‍ 12 പ്രതികളാണ് അറസ്റ്റിലായത്, മുഹമ്മദ് അസറുദ്ദീന്, മുഹമ്മദ് തല്‍ഹ, ഫിറോസ് ഇസ്മായില്‍, മുഹമ്മദ് റിയാസ്, നവാസ് ഇസ്മായില്‍, അഫ്സര്‍ ഖാന്, ഉമര്‍ ഫാറൂഖ്, ഫിറോസ് ഖാന്, മുഹമ്മദ് തൗഫീഖ്, ഷെയ്ഖ് ഹിദായത്തുള്ള, സനോഫര്‍ അലി, മുഹമ്മദ് ഇദ്രിസ് എന്നിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: