കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന് സിദ്ദിഖിന് മലയാളത്തിന്റെ ആദരാഞ്ജലി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 മുതല്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. മൃതദേഹം 12.15ഓടെ കാക്കനാട് നവോദയയ്ക്ക് സമീപത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു.
മുതിര്‍ന്നവരും ഇളംമുറക്കാരുമടക്കമുള്ള സിനിമാലോകം ഒന്നടങ്കം പ്രിയപ്പെട്ട സഹപ്രവര്ത്തകന് അന്ത്യയാത്രാമൊഴി ഏകാന്‍ എത്തി. ഗോകുലം ഗോപാലന്, ഐ.എം വിജയന്, അജയ് വാസുദേവ്, കാവ്യ ചന്ദ്രിക അസീസ്, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പ്രൊഫ. എം.കെ. സാനു, ബിജെപി സംസ്ഥാന ഉപാധ്യക്ഷരായ ശോഭ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, സിപിഎം നേതാവ് എസ്. ശര്‍മ, കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍, തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം കെ. സതീഷ്ബാബു, കെ. ലക്ഷ്മിനാരായണന് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വൈകിട്ട് 6ന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടത്തി.
ക്ലൈമാക്സില്‍ കണ്ണീരണിഞ്ഞ് കഥാപാത്രങ്ങള്‍
മേഘ ചന്ദ്ര
കൊച്ചി: ജീവന്റെ പാതി നഷ്ടമായ വേദനയിലായിരുന്നു സംവിധായകനും നടനുമായ ലാല്‍. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിദ്ദിഖിന്റെ ചേതനയറ്റ മൃതദേഹത്തിനരികില്‍ ആരോടും സംസാരിക്കാതെ ആര്‍ക്കും മുഖം കൊടുക്കാതെ ലാല്‍ ഇരുന്നു, മണിക്കൂറുകളോളം. ഒരു സീനിനായി, ഒരു സംഭാഷണത്തിനായി ഇങ്ങനെ എത്രയോ മണിക്കൂറുകള്‍ ഇരുവരും ഇങ്ങനെ ഇരുന്നിട്ടുണ്ട് മുമ്പ്. ആ ഓര്‍മകളെല്ലാം ആ മനസ്സില്‍ തിരതല്ലുന്നുണ്ടെന്ന് ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്നെയും സിദ്ദിഖിനെയും സംവിധാനത്തിലേക്കു കൈപിടിച്ചു നടത്തിയ ഫാസിലിനെ കണ്ടപ്പോള്‍ ലാല്‍ അതുവരെ അടക്കിവച്ചിരുന്നു ദുഃഖസമുദ്രം പൊട്ടിയൊഴുകി. കണ്ടുനിന്നവര്‍ക്കൊന്നും കണ്ണീരടക്കാനായില്ല.
തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാന്‍ ഹിറ്റ്ലര്‍ മാധവന്‍കുട്ടിയും (മമ്മൂട്ടി) ബാലകൃഷ്ണനും (സായ്കുമാര്) അരവിന്ദനും (ജയറാം) ഗോപാലകൃഷ്ണനും (മുകേഷ്) റാംജിറാവുവും (വിജയരാഘവന്) ജയകൃഷ്ണനും (ദിലീപ്) കടപ്പുറം കാര്‍ത്യായനിയും (സീനത്ത്) മുന്നയും (വിനീത്) എത്തി. പ്രായത്തിന്റെ അവശതകള്‍ മറന്നാണ് ഗര്‍വാസീസ് ആശാന് (ജനാര്ദനന്) വന്നത്. തന്നെ സിനിമയിലേക്കു കൈപിടിച്ചു കയറ്റിയ സംവിധായകന്റെ സവിധത്തില്‍ ബിന്ദു പണിക്കര്ക്കൊപ്പമെത്തിയ സായ്കുമാര് ദുഃഖം സഹിക്കാനാവാതെ വിതുമ്പിക്കരഞ്ഞു. ‘എന്റെ വലതു കൈ നഷ്ടപ്പെട്ടു’ എന്ന് അദ്ദേഹം തേങ്ങിക്കൊണ്ടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: