ന്യൂദല്‍ഹി: ഇന്ത്യുടെ ഹരിതഗൃഹ ഉദ്വമന നിരക്ക് 14 വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും 33% കുറഞ്ഞതായി യുണൈറ്റഡ് നേഷനു നല്കിയ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇത് 45% കുറയ്ക്കാന്‍ സാധിക്കുന്നതിനുള്ള പാതയിലാണ് ഇന്ത്യ. 2005ലെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്ര കണ്വെന്ഷന് (യുഎന്‍എഫ്സിസിസി) ശേഷമാണ് രാജ്യത്ത് ഈ മാറ്റം പ്രകടമായത്.
ഇന്ത്യയുടെ ഉദ്വമന തീവ്രതയുടെ നിരക്ക് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഓരോ യൂണിറ്റ് വര്‍ദ്ധനയിലും പുറന്തള്ളുന്ന ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ ആകെ അളവ് 2005 മുതല്‍ 2019 വരെ 33% ആയി കുറഞ്ഞുവെന്നാണ് മൂന്നാം ദേശീയ ആശയവിനിമയ (ടിഎന്‍സി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പുറന്തള്ളല്‍ ലഘൂകരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് യുഎന്‍എഫ്സിസിസി അറിയിക്കുന്നതിന് പല രാജ്യങ്ങളും അവരുടെ ടിഎന്‍സി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ്. ശരാശരി മലിനീകരണ പുറംന്തള്ളലിലെ കുറവ് 2014-2016 കാലയളവിലെ 1.5 ശതമാനത്തില്‍ നിന്ന് 2016-2019 കാലയളവില്‍ ഇന്ത്യ 3% ആയി വര്‍ദ്ധിച്ചു. ഫോസില്‍ ഇന്ധന ഉപയോഗത്തോടൊപ്പം രാജ്യത്ത് പുനരുപയോഗ ഇന്ധനത്തിലെ വര്‍ധനവാണ് ഏറ്റവും വേഗമേറിയ ഈ നേട്ടത്തിന് കാരണമായത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഉദ്വമന തീവ്രതയില്‍ തുടര്‍ച്ചയായ കുറവുണ്ട്. ഇത് സാമ്പത്തിക വളര്‍ച്ചയില്‍ നിന്ന് ഹരിതഗൃഹ വാതക ഉദ്വമനത്തെ പൂര്‍ണ്ണമായും അകറ്റുന്നതിന്റെ ഭാഗമായുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനം പ്രകടമാക്കുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഉദ്വമന തീവ്രത കുറയ്ക്കുന്നതില്‍ കൈവരിച്ച പുരോഗതി, കല്‍ക്കരി ഉപയോഗിക്കുന്നത് നിര്‍ത്താന്‍ വികസിത രാജ്യങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വനമേഖലയിലെ ഗണ്യമായ വര്‍ദ്ധനവും ഫോസില്‍ ഇതര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും വ്യാവസായിക, വാഹന, ഊര്‍ജ്ജ മേഖലകളിലെ ഉദ്വമനം ലക്ഷ്യമിടുന്നതും ഇന്ത്യയുടെ ഉദ്വമന തീവ്രത കുത്തനെ കുറയുന്നതിന് കാരണമായെന്ന് ഈ ഉദ്യോഗസ്ഥന് പറഞ്ഞു.
2019 ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ 24.56% അല്ലെങ്കില്‍ 80.73 ദശലക്ഷം ഹെക്ടര്‍ ഭൂമിയും വനങ്ങളും മരങ്ങളും കൊണ്ട് വ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗവും രാജ്യം പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യം കൂടുതലും വൈദ്യുതിയെ ആശ്രയിക്കാന്‍ തുടങ്ങിയതും മലിനീകരണ നിരക്ക് കുറക്കാന്‍ സാധിച്ചു. വൈദ്യുത ഉദ്പതനത്തിന് ജല, ആണവ, പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള ഫോസില്‍ ഇതര ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നതും. ആകെ വൈദ്യുത ഉദ്പതനത്തിന്റെ 25.3% ഇത്തരത്തിലാണ്. ബാക്കി 73% താപവൈദ്യുത നിലയങ്ങള്‍ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: