കൊൽക്കത്ത: സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ സിവിആനന്ദബോസ് അനുശോചിച്ചു. ” കാബൂളിവാല രചിച്ച ടാഗോറിന്റെ ചരമദിനത്തിൽ അതേപേരിൽ സിനിമയെടുത്ത സംവിധായകപ്രതിഭ വിടപറഞ്ഞത് യാദൃച്ഛികമാവാമെങ്കിലും വേദനാജനകമാണ്. പകരക്കാരനില്ലാതെ പെട്ടെന്ന് അരങ്ങൊഴിഞ്ഞ ആ അനന്യ കലാകാരന്റെ വിയോഗത്തിൽ ദുഖിക്കുന്നു, പ്രാർത്ഥിക്കുന്നു; നിത്യശാന്തിനേരുന്നു” – അനുശോചനസന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു.
ഇന്നലെ, രാത്രിയാണ് മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഇന്നും പ്രിയങ്കരമായ ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട സംവിധായകൻ വിടവാങ്ങിയത്. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരതരാവസ്ഥയിലാകുകയും ഇന്നലെ രാത്രിയോടോ മരണപ്പെടുകയുമായിരുന്നു.
ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനത്തിന് വച്ചു. വൈകിട്ട് 6 മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: