ചാലക്കുടി: കൂണ് കര്‍ഷകന്റെ വീട്ടില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം കൂണ് പരിശോധിക്കാനായി തൃശൂര്‍ കൃഷി വിജ്ഞന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തി. മേലൂര്‍ പഞ്ചായത്തിലെ പുഷ്പഗിരി പുളിഞ്ചോട് കൊച്ചിനാടന് കുമാരന്റെ വീട്ടിലാണ് അത്യപൂര്‍വ്വമായ തരത്തിലുള്ള കൂണ് കണ്ടെത്തിയത്.
ഗ്രോ ബാഗുകള്‍ക്ക് താഴെയാണ് കൂട്ടത്തോടെ കൂണുകള്‍ മുളച്ചുവന്നിരിക്കുന്നത്. മയില്‍ പീലി വിടര്‍ത്തിയത് പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ ആദ്യം കിട്ടിയ ഈ കൂണിന് ഏകദേശം എട്ടു കിലോയോളം തൂക്കമുണ്ടായിരുന്നു. ഒരു മാസം മുമ്പ് തുടങ്ങി അഞ്ച് തവണ വിളവെടുപ്പും നടത്തി. ഇവിടെ കൂണ് കൃഷി നിലവില്‍ ചെയ്തുവരുന്നുണ്ടെങ്കിലും അത് വീടിന്റെ ടെറസിന്റെ മുകളിലാണ്.
വലിയ വലിപ്പത്തിളള ഈ അപൂര്‍വ്വയിനം കാണാന്‍ നിരവധി ആളുകള്‍ ഇവിടെ എത്തിയിരുന്നു. ചൊവ്വാഴ്ച തൃശൂര്‍ കൃഷി വിജ്ഞന കേന്ദ്രത്തിലെ ഡോ. ദീപ ജയിംസ്, രാജി പ്രസാദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇത് പാല് കൂണിനത്തിലുള്ളതാണെന്നും ക്ലസ്റ്റര്‍ ആയി കാണുന്നത് ആദ്യമായിട്ടാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മണ്ണോടു കൂടിയ വിത്ത്, കൂണ് എന്നിവ പരിശോധിക്കാനായി ശേഖരിച്ചിട്ടുണ്ട്. ഫലം വന്നാല്‍ മാത്രമെ കൂണിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിക്കയുള്ളുവെന്ന് പരിശോധന സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: