കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും അപേക്ഷ നൽകി. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. വോട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ 8 നാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ നടക്കുന്നത്. ഇത് കണക്കിലെടുക്കണമെന്നാണ് ആവശ്യം.
സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ് മണർകാട് പെരുന്നാൾ. ഈ എട്ടു ദിവസവും ആളുകളെ കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതകുരുക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. നാല് പോളിങ് സ്റ്റേഷനുകൾ മണർകാട് പള്ളിക്ക് സമീപമുള്ള സ്കൂളുകളിലാണ് പ്രവർത്തിക്കുന്നത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുക ശ്രമകരമായ ദൗത്യമാകുമെന്നും അയർകുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ. കെ രാജു നൽകിയ അപേക്ഷയിൽ പറയുന്നു.
ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഓണക്കാലത്തിന്റെ ആഘോഷത്തിലേക്ക് നീങ്ങിയ കേരളത്തെ ചൂടേറിയ രാഷ്ട്രീയ പോർമുഖത്തേക്ക് വഴിതിരിച്ചു വിടുന്നതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: