ചാത്തന്നൂര്‍: എല്‍ഡിഎഫ് ധാരണ പ്രകാരം സിപിഎം അംഗം പ്രസിഡന്റാകേണ്ട ചിറക്കര ഗ്രാമപഞ്ചായത്തില്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് കൂറുമാറ്റം. കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം വിമത പഞ്ചായത്ത് പ്രസിഡന്റായി. സിപിഎമ്മിലെ ചിറക്കര, ഇടവട്ടം വാര്‍ഡില്‍ നിന്നുള്ള സജില.ടി.ആര്‍. ആണ് പ്രസിഡന്റ് ആയത്. കൊച്ചാലുംമൂട് വാര്‍ഡില്‍ നിന്നുള്ള സിപിഎം അംഗം സുചിത്ര വിമത സ്ഥാനാര്‍ഥിയ്‌ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി മിനിമോള്‍ ജോഷ് പരാജയപ്പെടുകയായിരുന്നു.
ഇടതുമുന്നണിയുടെ ധാരണപ്രകാരം രണ്ടര വര്‍ഷം സിപിഐക്കും ബാക്കി രണ്ടര വര്‍ഷം സിപിഎമ്മിനും ആയിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ സിപിഐയുടെ സുശീലദേവി രാജിവച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങള്‍.
പഞ്ചായത്തിലെ 16 സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അടക്കം 8 സീറ്റ് ആണുള്ളത്. ഇതില്‍ സ്വതന്ത്രന്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റ് ആണ്. യുഡിഎഫ് ആറ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. ഇതില്‍ എല്‍ഡിഎഫിലെ രണ്ട് പേര് ആണ് ഇപ്പോള്‍ കൂറുമാറിയത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വരണാധികാരി ബ്ലോക്ക് എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജ്യോതി വിദ്യാധരന്റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മിനിമോള്‍ ജോഷും കോണ്‍ഗ്രസിലെ സുബി പരമേശ്വരനും രംഗത്ത് വന്നതിന് പിന്നാലെ നാടകീയമായി സിപിഎം അംഗം സജിലയുടെ പേര് കോണ്‍ഗ്രസിലെ ഉളിയനാട് ജയന്‍ നോമിനേറ്റ് ചെയ്യുകയും സുജയകുമാര്‍ പിന്‍താങ്ങുകയും ചെയ്യുകയായിരുന്നു.
പിന്നാലെ കോണ്‍ഗ്രസിലെ സുബി പരമേശ്വരന്‍ പിന്മാറി. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച സജിലയ്‌ക്ക് എട്ട് വോട്ടും സിപിഎം സ്ഥാനാര്‍ത്ഥി മിനിമോള്‍ ജോഷിന് ആറ് വോട്ടും ലഭിച്ചതോടെ സജില പഞ്ചായത്ത് പ്രസിഡന്റ് ആകുകയായിരുന്നു.
സിപിഎമ്മിന്റെ കൊച്ചാലുംമൂട് വാര്‍ഡ് മെമ്പര്‍ സുചിത്ര വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: