ന്യൂദല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കിടെ ലോക്സഭയില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മകനും ശിവസേന എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ ‘ഹനുമാന്‍ ചാലിസ’ ചൊല്ലി. മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും അദ്ദേഹം വിമര്‍ശിച്ചു.
മുംബൈയിലെ ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് ‘ഹനുമാന്‍ ചാലിസ’ ചൊല്ലാന്‍ ആഹ്വാനം ചെയ്തതിന് അമരാവതി എംപി നവനീത് റാണയെയും ഭര്‍ത്താവ് എം എല്‍ എയായ രവി റാണയെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മഹാരാഷ്‌ട്രയില്‍ ഉണ്ടായ വിവാദങ്ങളും ശ്രീകാന്ത് ഷിന്‍ഡെ ചൂണ്ടിക്കാട്ടി. ഇതും പറഞ്ഞ് കൊണ്ടാണ് ഹനുമാന്‍ ചാലിസ” അദ്ദേഹം ചൊല്ലാന്‍ തുടങ്ങിയത്.
‘2019 ല്‍ ആളുകള്‍ ശിവസേനയ്‌ക്കും ബിജെപിക്കും ഒരുമിച്ചാണ് ജനവിധി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയാകണമെന്ന് ഉദ്ദവ് താക്കറെയ്‌ക്ക് തോന്നി. ബാലാ സാഹബിന്റെ പ്രത്യയശാസ്ത്രമോ ഹിന്ദുത്വ പ്രത്യയശാസ്ത്രമോ അദ്ദേഹം കാര്യമാക്കിയില്ല. അവര്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വിറ്റ് ബാലാ സാഹിബിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് അകന്നു- ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു.
‘അഴിമതിയുടെ പര്യായമായി മാറിയവര്‍ തങ്ങളുടെ സഖ്യത്തിന് ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്തു. അവരെല്ലാം ഒരു വ്യക്തിക്കെതിരെ ഒത്തുകൂടിയിരിക്കുകയാണ്. അവര്‍ക്ക് നേതാവോ നയമോ ഇല്ല. എല്ലാ നേതാക്കളും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീകാന്ത് ഷിന്‍ഡെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: