ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ടെസ്ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്ത്യന്‍ വംശജനായ വൈഭവ് തനേജയെ നിയമിച്ചു. നിലവില്‍ ചീഫ് അക്കൗണ്ടിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന വൈഭവ് തനേജ അധിക ചുമതലയായി സിഎഫ്ഒ സ്ഥാനം വഹിക്കും. ടെസ്ലയില് 13 വര്‍ഷം പൂര്‍ത്തിയാക്കിയ സക്കറി കിര്ഖോണിന് പകരമാണ് അദ്ദേഹം.
എലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി പുതിയ മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സുഗമമായ മാറ്റം ഉറപ്പാക്കാന്‍ കിര്‍ഖോണ്‍ വര്‍ഷാവസാനം വരെ തന്റെ സ്ഥാനത്ത് തുടരുമെന്നാണ് കരുതുന്നത്. ‘
ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടിയ വൈഭവ് തനേജ (45) 2016ല്‍ സോളാര്‍സിറ്റി കമ്പനി ഏറ്റെടുത്തതിനെ തുടര്‍ന്ന് ടെസ്ലയില് അംഗമായി. ചീഫ് അക്കൗണ്ടിംഗ് ഓഫീസര്‍ എന്ന നിലയിലുള്ള തന്റെ പ്രാഥമിക ഉത്തരവാദിത്തത്തോടൊപ്പം കമ്പനിയിലെ സുപ്രധാന റോളും അദ്ദേഹം ഏറ്റെടുത്തു.
2021 ജനുവരിയില്‍, ടെസ്ലയുടെ ഇന്ത്യന്‍ വിഭാഗമായ ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായും വൈഭവ് തനേജയെ നിയമിച്ചു. വൈഭവിന് അക്കൗണ്ടിംഗില്‍ 20 വര്‍ഷത്തിലേറെ പരിചയമുണ്ട്. ടെസ്ല വില്‍പ്പന വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ വിപണി വിഹിതം പിടിച്ചെടുക്കാനും ലക്ഷ്യമിടുന്ന സമയത്താണ് ഈ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: