കൊല്ലം: കളക്ട്രേറ്റ് ബോംബു സ്ഫോടനക്കേസില്‍ പ്രതികളായ ബേസ് മൂവ്മെന്റ് ഭീകരര്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് തമിഴ്നാട്ടിലെ മധുര കേന്ദ്രീകരിച്ച്. 57 പേജുള്ള കുറ്റപത്രം പോലീസ് ഏപ്രിലില്‍ നല്‍കിയിരുന്നു. 86 സാക്ഷികളും 136 തെളിവുകളും ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ബോംബു സ്ഫോടനമെന്നായിരുന്നു കുറ്റപത്രം.
ഗുജറാത്തിലെ പോലീസ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാന് കൊല്ലപ്പെട്ടതിന്റെ പകരം വീട്ടലിന്റെ ഭാഗമായാണ് ബോംബ് സ്ഫോടനം നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. മധുര കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന.
ബോംബ് സ്ഫോടനത്തിനായി രണ്ടാം പ്രതി ഷംസൂണ്‍ കരിം രാജ 2016 മെയ് 26ന് കൊല്ലം കളക്ട്രേറ്റിലെത്തി വിവിധ ഭാഗങ്ങളിലെ ചിത്രം പകര്‍ത്തി. ഇതിനു ശേഷം മധുരയില്‍ ഒന്നാം പ്രതിയുടെ വീടിനു സമീപത്തുള്ള ദാറുല്‍ ലൈബ്രറിയില്‍ നാലു പ്രതികളും ഒത്തുചേര്‍ന്ന് ബോംബ് നിര്‍മിച്ച്, സ്ഫോടന പദ്ധതി ആസൂത്രണം ചെയ്തു, കുറ്റപത്രത്തില്‍ പറയുന്നു.
രണ്ടാം പ്രതി കരിം രാജയാണ് കളക്ടറേറ്റിലെത്തി ബോംബ് സ്ഥാപിച്ചത്. ബോംബുമായി കരിം രാജ തലേന്നു രാത്രി തെങ്കാശിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലം സ്റ്റാന്‍ഡിലെത്തി. ഓട്ടോറിക്ഷയില്‍ പത്തുമണിയോടെ കളക്ടറേറ്റിലെത്തി, ജീപ്പില്‍ ബോംബുവച്ച ശേഷം ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി തിരികെ തെങ്കാശിക്കു മടങ്ങി. ഇതിനു ശേഷം പത്തേമുക്കാലോടെ ബോംബ് പൊട്ടുകയായിരുന്നു, കുറ്റപത്രത്തില്‍ പറയുന്നു.
കൊല്ലത്തിന് പിന്നാലെ മലപ്പുറം കളക്ട്രേറ്റ്, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനക്കേസുകളിലും പ്രതികളാണ് ഇവര്‍. മൈസൂരു സ്ഫോടനക്കേസില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലായിരുന്നു. ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ സ്ഫോടനത്തിലും ഇവര്‍ പ്രതികളാണെന്നു കണ്ടെത്തിയതോടെ ചിറ്റൂര്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: