അമ്പലപ്പുഴ: വിജിലന്‍സ് പരിശോധനയുടെ പേരില്‍ അക്ഷയ സംരംഭകര്‍ പണിമുടക്ക് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനക്കെതിരെ ചില സംരംഭകര്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച അക്ഷയ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി പണിമുടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പൊതുജനങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
കാലാകാലങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ അക്ഷയ കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.പരാതികളില്‍ കഴമ്പുണ്ടെന്ന് പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പൊതുജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നതായും കണ്ടെത്തി.സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയേക്കാള്‍ ഇരട്ടിയിലധികം തുക പല അക്ഷയാ കേന്ദ്രങ്ങളും ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ചില ജില്ലാ ഓഫീസര്‍മാരും അക്ഷയ സംരംഭകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.അക്ഷയ കേന്ദ്രങ്ങള്‍ എന്ന വ്യാജേന ചിലയിടങ്ങളില്‍ സെന്ററുകള്‍ നടത്തുന്നതായി പൊതു ജനം പരാതി നല്‍കിയിരുന്നു. ഇത്തരം വ്യാജ സെന്ററുകള്‍ അക്ഷയ കേന്ദ്രങ്ങളെ ഇല്ലായ്മ ചെയ്യാനായി പ്രവര്‍ത്തിക്കുകയാണെന്ന് കാട്ടി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കു പരാതി നല്കിട്ടുള്ളതാണ്.
മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള എസ്ടിയുവും സംരംഭകരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ് എന്ന കൂട്ടായ്മയും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവില്‍ സര്‍ക്കാരിന്റെ എല്ലാ സേവനങ്ങള്‍ക്കും പൊതു ജനം അക്ഷയാ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ആധാര്‍ പുതുക്കുന്നതിനുമായി അക്ഷയാ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണ്.ഇതിനിടയിലാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി അക്ഷയ കേന്ദ്രങ്ങള്‍ നടത്തുന്ന പണിമുടക്ക് നിരോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: