തൃശൂര്‍: മാധ്യമപ്രവര്‍ത്തനരംഗത്ത് ആരോഗ്യകരമല്ലാത്ത മത്സരമാണിന്ന് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വതന്ത്രമായ നിലനില്‍പ്പിന് മാധ്യമപ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തൃശൂര്‍ പ്രസ് ക്ലബിന്റെ പത്താമത് ടി.വി. അച്യുതവാരിയര്‍ പുരസ്‌കാര സമര്‍പ്പണവും മാധ്യമപ്രവര്‍ത്തകരുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും യാത്രയയപ്പു സമ്മേളനവും തൃശൂര്‍ പ്ലസ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തകരും നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. ഇതിനുള്ള പിന്തുണ നല്‍കേണ്ടതുണ്ട്. വാര്‍ത്തകള്‍ കൂടുതല്‍ വാണിജ്യോല്‍പന്നങ്ങളായി മാറുകയാണ്. സ്വതന്ത്രമായി നിലനില്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. പരിസ്ഥിതിയെയും മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുന്നതിനായി അച്യുതവാരിയരെ പോലുള്ള മുന്‍ഗാമികള്‍ കൈക്കൊണ്ട ധീരമായ നിലപാടുകള്‍ നമ്മള്‍ ഓര്‍ക്കുന്ന അവസരമാണിത്. നമുക്കു മുന്‍പേ നടന്ന മാധ്യമപ്രവര്‍ത്തകരുടെ ഈ രീതിയിലുള്ള നിലപാടുകള്‍ ഓര്‍ക്കുന്നത് വര്‍ത്തമാനകാല മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരവലോകനത്തിനും ശരിയായ ദിശയിലേക്കുള്ള മുന്നോട്ടുപോക്കിനും അനിവാര്യമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അവാര്‍ഡ് ജേതാക്കളായ മനോരമ ന്യൂസ് ക്യാമറാമാന്‍ സന്തോഷ് എസ്. പിള്ള, മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജി. ശിവപ്രസാദ് എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
കേള്‍വിയില്ലാതിരുന്ന ഒരു മനുഷ്യന്‍ മറ്റു മനുഷ്യര്‍ക്കു കേള്‍വിയായും കാഴ്ചയായും മാറിയതിന്റെ ഓര്‍മയാണ് അച്യുതവാരിയര്‍ എന്ന് ടി.എന്‍. പ്രതാപന്‍ എംപി അനുസ്മരിച്ചു. ജനാധ്യപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ കാണേണ്ടത് കാണാതിരിക്കുകയും കേള്‍ക്കേണ്ടതു കേള്‍പ്പിക്കാതിരിക്കുകയും പേനത്തുമ്പ് ചലിപ്പിക്കാതിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന ദുരന്തത്തിലൂടെയാണു നാം കടന്നുപോകുന്നത്. ജനാധിപത്യത്തിന്റെ നാലാം കണ്ണായ മാധ്യമങ്ങളുടെ കണ്ണ് അടഞ്ഞുപോകാതിരിക്കട്ടെയെന്ന് ധ്യാനിക്കപ്പെടേണ്ട സന്ദര്‍ഭമാണിതെന്നും പ്രതാപന്‍ പറഞ്ഞു.
വിരമിക്കുന്ന മാധ്യമപ്രവര്‍ത്തക എ. കൃഷ്ണകുമാരിക്കു ചടങ്ങില്‍ യാത്രയയപ്പു നല്‍കി. എന്‍. രാജന്‍ അച്യുതവാരിയര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. കെയുഡബ്‌ള്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ ഭാസി പാങ്ങില്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സെക്രട്ടറി പോള്‍ മാത്യു സ്വാഗതവും ട്രഷറര്‍ കെ. ഗിരീഷ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ മാധ്യമപ്രവര്‍ത്തകരുടെ മക്കളായ എ. അനുജിത്, പി. അമോഘ, എം.വി. കൃഷ്ണാനന്ദ, പി.എസ്. ബ്രഹ്‌മദത്തന്‍, അന്ന തെരേസ, വി.എച്ച്. ശ്രീലക്ഷ്മി, എം. ഭഗത്, എയ്ഞ്ചല്‍ മരിയ കാതറിന്‍ എന്നിവരും മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
വിദ്യാര്‍ഥികള്‍ക്കു വേണ്ടി സിവില്‍ സര്‍വീസ് പരിശീലന ക്ലാസും നടത്തി. അക്കാദമി ഫോര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് സിഇഒ മെജോ ടി. ജോണ്‍, അബ്ദുള്‍ ഹാലിക് എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: