കല്ലറ അജയന്‍
‘ആയോധനത്തിങ്കലോടുന്നവരോടു
മായുധം പോയവരോടും വിശേഷിച്ചു
നേരേ വരാത്തവരോടും ഭയംപൂണ്ടു
പാദാന്തികേ വന്നു വീഴുന്നവരോടും
പൈതാ മഹാസ്ത്രം പ്രയോഗിക്കരുതെടോ’
യുദ്ധകാണ്ഡത്തില്‍ മേഘനാദവധം എന്ന ഭാഗത്ത് ശ്രീരാമസ്വാമികള്‍ ലക്ഷ്മണനോടു പറയുന്നതാണ് മുകളിലത്തെ വരികള്‍. മേഘനാദന്‍ മറഞ്ഞു നിന്ന് രാമപക്ഷത്തുള്ളവരെ കൂട്ടക്കൊല നടത്തുന്നതിനാല്‍ ബ്രഹ്മാസ്ത്രമെയ്ത് രാക്ഷസന്മാരെ ഉന്മൂലനം ചെയ്യൂ എന്ന് ലക്ഷ്മണന്‍ ആവശ്യപ്പെട്ടപ്പോഴാണ് രാമചന്ദ്രന്‍ ഇപ്രകാരം പറയുന്നത്. തോറ്റോടുന്നവരേയും ആയുധം നഷ്ടപ്പെട്ടു പോകുന്നവരേയും കാലില്‍ വീഴുന്നവരേയുമൊന്നും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് വകവരുത്തിക്കൂടാ. യുദ്ധത്തിലും ഒരു ധാര്‍മികതയുണ്ടെന്നാണ് രാമന്‍ പറഞ്ഞതിന്റെ സാരം.
ധര്‍മസംരക്ഷണത്തിന് സ്വജീവനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവനായിരുന്നു രാമന്‍. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും രാമന്‍ ധര്‍മം ലംഘിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. യുദ്ധത്തിലും ശത്രുവിനെ ബഹുമാനിക്കുക എന്നത് ഭാരതത്തിലെ പതിവായിരുന്നു. ഈ ധാര്‍മികചിന്ത ഒരു പക്ഷേ ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് പഴയകാലകൃതികള്‍ വായിച്ചാല്‍ നമുക്കു മനസ്സിലാകും.
നമ്മുടെ ഇതിഹാസങ്ങളായ രാമായണ മഹാഭാരതങ്ങളോട് ഒരര്‍ത്ഥത്തിലും താരതമ്യമില്ലാത്ത ഗ്രീക്ക് ഇതിഹാസങ്ങളില്‍ ഒന്നായ ഇലിയഡില്‍ ഒരു രംഗത്ത് അഖിലസും ഹെക്ടറും ഏറ്റുമുട്ടുന്നു. യുദ്ധത്തില്‍ ഹെക്ടര്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെട്ട ഹെക്ടറിന്റെ ശവത്തെ അതിനീചമായി അഖിലസ് ദ്രോഹിക്കുന്നു. അതിനെ കുത്തി പകപോക്കാന്‍ ഓരോ യവനന്മാരോടും ആവശ്യപ്പെടുന്നു. മൃതദേഹത്തെ തന്റെ രഥത്തിനു പിന്നില്‍ കെട്ടിയിട്ട് ട്രോയ് കോട്ടയ്‌ക്ക് ചുറ്റും വലിച്ചിഴയ്‌ക്കുന്നു. കഥാനായകരില്‍ ഒരാളിന്റെ നീചപ്രവൃത്തിയെ കവിയായ ഹോമര്‍ മറച്ചു വയ്‌ക്കുന്നില്ല എന്നു മാത്രമല്ല, വീരോചിതമായ പ്രവൃത്തി എന്നാണു വിശേഷിപ്പിക്കുന്നത്.
ഇത്തരത്തില്‍ ശവശരീരത്തെ ദണ്ഡിപ്പിക്കുന്ന ഒരു രംഗം രാമായണത്തിലോ ഭാരതത്തിലോ കണ്ടത്താനാവില്ല. രാമരാവണയുദ്ധത്തിലും പാണ്ഡവകൗരവയുദ്ധത്തിലും ധര്‍മത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും ഉദ്വേഗങ്ങളും ഏതവസരത്തിലുമുണ്ടായിരുന്നു. ധര്‍മവിരോധമായ പ്രവൃത്തിയുണ്ടായാല്‍ അതിനെതിരെ ആയിരം വിരലുകള്‍ ചൂണ്ടപ്പെടുമായിരുന്നു. യുദ്ധത്തില്‍ ഒരു വീരന്‍ വീണു കഴിഞ്ഞാല്‍ അയാളെ വീരോചിതമായി സംസ്‌ക്കരിക്കാന്‍ എല്ലാവിധ മരണാനന്തര ശുശ്രൂഷകളും അയാള്‍ക്കു ലഭിക്കാന്‍ ഇരുപക്ഷവും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ധര്‍മഭ്രംശം ഏവരേയും ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രിയപുത്രനായിട്ടും അധര്‍മിയായതിനാല്‍ ‘വിജയീഭവഃ’’എന്ന് അനുഗ്രഹിക്കാന്‍ അമ്മയായ ഗാന്ധാരി തയ്യാറാവുന്നില്ല. പകരം ‘ യതോധര്‍മസ്തതോജയഃ’ എന്ന് മാത്രമേ പറയുന്നുള്ളൂ. ലോകസാഹിത്യത്തില്‍ മറ്റൊരിടത്തും ഇങ്ങനെ ഒരമ്മയെ കാണാനാവില്ല.
ഇതിഹാസ കാലം മുതലേ ഭാരതീയര്‍ നടത്തുന്ന ധര്‍മവിചിന്തനം പാശ്ചാത്യര്‍ക്ക് മനസ്സിലായിത്തുടങ്ങിയതു തന്നെ ആധുനിക കാലത്താണ്. ഭാരതീയര്‍ ധര്‍മത്തെക്കുറിച്ച് നിരന്തരം വിചാരപ്പെട്ടു കൊണ്ടിരുന്ന കാലത്ത് അത്തരം ചിന്തകളൊന്നും പടിഞ്ഞാറ് കാര്യമായി വികസിച്ചിരുന്നില്ല. എന്നാല്‍ നമ്മളോ തലനാരിഴ കീറി പരിശോധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: