രാമപുരം: നാലമ്പല തീര്‍ത്ഥാടനം മദ്ധ്യഘട്ടത്തില്‍ നില്ക്കുമ്പോള് നാലമ്പലദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നു.എല്ലാ ദിവസവും രാവിലെയും, വൈകിട്ടും ഭക്തജനങ്ങളാല്‍ നിറഞ്ഞ് കവിഞ്ഞുകൊണ്ടിരിക്കുകയാണ് രാമപുരം നാലമ്പലങ്ങള്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്തജനങ്ങള്‍ക്ക് ഭാഷ അറിയാത്തവര്‍ക്ക് എല്ലാം വിശദീകരിച്ച് നല്കുവാന് പ്രത്യേക സ്ക്വാഡിനെ നിയമിച്ചിട്ടുണ്ട്.
തിരക്കു കൂടുതലുള്ള ഇന്നലെ കൂടുതല്‍ വോളന്റിയേഴ്സ് പ്രവര്‍ത്തന സജ്ജമായിരുന്നു. രാമപുരം പോലീസ് എസ്എച്ച്ഓ അഭിലാഷ് കുമാര്‍ കെ. യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്രമാതീതമായി എത്തിയ വാഹനങ്ങള്‍ തടസങ്ങള്‍ കൂടാതെ പാര്‍ക്ക് ചെയ്യുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കി. രാമപുരം ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജിത്തിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നാല് ക്ഷേത്രങ്ങളിലും ശുചിത്വ പരിപാലനവും, പ്രാഥമിക ചികിത്സ കോര്‍ണ്ണറും ഒരുക്കി ക്ഷേത്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഔഷധ വെള്ളം വിതരണവുമായി സേവാഭാരതിയും രംഗത്തുണ്ട്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ എമര്‍ജന്‍സി വാഹനവും പ്രവര്‍ത്തിക്കുന്നുണ്ട്.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയാണ് ഭക്തജനങ്ങള്‍ മടങ്ങിയത്.
ഈ തീര്‍ത്ഥാടന ഉത്സവം രാമപുരത്ത് ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം മാനേജര്‍ രഘുനാഥ് കുന്നൂര്‍മന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: