രാഗേഷ് മരുതാടന്‍
മലപ്പുറം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ കരിപ്പൂര്‍ വിമാന അപകടം നടന്നിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) ദീര്‍ഘിപ്പിക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ ഇന്നും പാതിവഴിയില്‍.
കൊവിഡ് പിടിമുറുക്കിയ സമയത്താണ് ജനങ്ങളെ ഞെട്ടിച്ചുള്ള ദുരന്തം. 2020 ആഗസ്ത് ഏഴിന് രാത്രി എട്ടു മണിയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആ ദുരന്തം പറന്നിറങ്ങിയത്. 21 പേര് മരിച്ച അപകടത്തില്‍ 165 പേര്‍ക്ക് പരിക്കേറ്റിരുന്നു. ദുബായ്യില് നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐഎക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയില്‍ റണ്‍വെ കാണാതെ രണ്ട് വട്ടം ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നു. വിമാനം പിന്നീട് ലാന്‍ഡ് ചെയ്തത് സാധാരണ ലാന്‍ഡ് ചെയ്യാന്‍ ഉപയോഗിക്കാത്ത പത്താമത്തെ റണ്‍വേയില്‍. തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്ന് 35 മീറ്ററോളം താഴേക്ക് വീണ് മൂന്ന് കഷ്ണമായി.
വിമാന അപകടം യാത്രക്കാരെ മാത്രമല്ല ബാധിച്ചത്, കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കി. അപകടത്തിന് ശേഷം റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാതെയായി. സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയമാണ് നിലവിലെ സാഹചര്യത്തിന്റെ പ്രധാന കാരണം. റിസ ദീര്‍ഘിപ്പിക്കാന്‍ 14.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണം. ഭൂവുടമകളുടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കേരളത്തിനാകുന്നില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട സമയ കാലാവധി അവസാനിക്കുന്ന സമയത്താണ് വീട് നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസത്തിന് നേരത്തേ നിശ്ചയിച്ചിരുന്ന 4.6 ലക്ഷം 10 ലക്ഷമാക്കി വര്‍ധിപ്പിച്ച് പുതിയ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പ്രശ്നം പരിഹരിക്കേണ്ട ജനപ്രതിനിധികള്‍ വിമാനത്താവള സംരക്ഷണമെന്ന പേരില്‍ ജാഥ നടത്തി കേന്ദ്രത്തെ പഴിചാരുകയാണ്. മറ്റൊരു അപകടത്തിന് വഴിയൊരുക്കാതെ നടപടികള്‍ വേഗത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മലബാറിലെ യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: