ന്യൂദല്‍ഹി: മകളെ കൊലപ്പെടുത്തിയ ശേഷം ലിവ്-ഇന്‍ ടുഗെതര്‍ പങ്കാളിയായ അഫ്താബ് അമിന്‍ പൂനെവാല തങ്ങളുടെ വാടക വീട്ടിലെ ടോയ്ലറ്റില് മൃതദേഹം വെട്ടിമുറിച്ച് ഛത്തര്പൂര് കുന്നില്‍ തള്ളിയതായി ശ്രദ്ധ വാല്‍ക്കറിന്റെ അച്ഛന് കോടതിയെ അറിയിച്ചു. ഇക്കാര്യം തന്നോട് അഫ്താബ് സമ്മതിച്ചിരുന്നതായും ശ്രദ്ധയുടെ അച്ഛന് വികാസ് മദന്‍ വാല്‍ക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മെയ് 18നാണ് ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മൃതദേഹം അഫ്താബ് 35 കഷണങ്ങളാക്കി മുറിച്ച് മൂന്ന് ആഴ്ചയോളം വാടക വീട്ടിലെ ഫ്രിഡ്ജിനുള്ളില് സൂക്ഷിച്ച ശേഷം ഇയാള്‍ ദല്‍ഹിയുടെ പല ഭാഗത്തായി ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് നവംബര്‍ 12 നാണ് അഫ്താബ് അമീന് പൂനെവാല അറസ്റ്റിലായത്. തെക്കന്‍ ദല്‍ഹിയിലെ മെഹ്റൂളി വന മേഖലയില്‍ നിന്നാണ് അന്വേഷണ സംഘം ശ്രദ്ധയുടെ എല്ലിന് കഷണങ്ങള്‍ കണ്ടെത്തിയത്. 13 എല്ലിന് കഷണങ്ങളാണ് ദല്‍ഹി പോലീസ് കണ്ടെത്തിയത്. കേസിലെ വിസ്താരം ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: