കഞ്ഞിക്കുഴി: കൂറ്റിവേലിയില്‍ നിലംനികത്തലുമായി ബന്ധപ്പെട്ട് എഐവൈഎഫും, സിപിഐ നേതാവുമായുള്ള പോര് തുടരുന്നു. എഐവൈഎഫ് കുത്തിയ കൊടിയൂരിയ സിപിഐ നേതാവിനു താക്കീതുമായി എഐവൈഎഫ് ജില്ലാ കമ്മിറ്റി. സിപിഐ ചേര്‍ത്തല തെക്ക് മണ്ഡലം സെക്രട്ടറിയുടെ നടപടിക്കെതിരേയാണ് എഐവൈഎഫ്‌ഐ പരസ്യമായി രംഗത്തുള്ളത്. പ്രശ്‌നപരിഹാരത്തിനായി എഐവൈഎഫ് നേതാക്കളെയും ഉള്‍പ്പെടുത്തി സിപിഐ ജില്ലാ എക്സിക്യുട്ടീവംഗം എം.കെ. ഉത്തമന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസംകൂടിയ യോഗവും തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഒരുവിഭാഗം സിപിഐ നേതാക്കള്‍ അനുനയശ്രമം നടത്തുന്നുണ്ടെങ്കിലും എഐവൈഎഫ് ജില്ലാ കമ്മിറ്റിയിലും മണ്ഡലം സെക്രട്ടറിയുടെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി.
കഞ്ഞിക്കുഴി പഞ്ചായത്ത് ചെറുവാരണം മേഖലാകമ്മിറ്റി പരിധിയില്‍ കൂറ്റുവേലിയില്‍ ഒന്നരഏക്കറോളം സ്ഥലം നികത്തിയതിനെതിേര എഐവൈഎഫ് കുത്തിയ കൊടി ചേര്‍ത്തല മണ്ഡലം സെക്രട്ടറി ബി. ബിമല്‍ റോയി ഊരിമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഇവിടെ വീണ്ടും കൊടികുത്തി. ബി. ബിമല്‍റോയിയുടെ നടപടിയില്‍ എഐവൈഎഫ് പ്രതിഷേധം ശക്തമാക്കിയിരുന്നു. സിപിഐ ജില്ലാ-സംസ്ഥാന നേതൃത്വത്തിനും കളക്ടര്‍ക്കും റവന്യൂമന്ത്രിക്കും പരാതിനല്‍കാനും യോഗം തീരുമാനിച്ചു. മണ്ണഞ്ചേരിയിലും സമാനമായ രീതിയില്‍ തണ്ണീര്‍ത്തടം നികത്തലുമായി ബന്ധപ്പെട്ട് എഐവൈഎഫും, സിപിഐയും ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: