ഡോ.അനില്‍കുമാര്‍ വടവാതൂര്‍
ദേവലപുരം ഗ്രാമത്തിലെ കൃഷി മുത്തശ്ശിയാണ് പാപ്പമ്മാള്‍. സൂര്യനുദിക്കും മുന്‍പ് പാടത്തിറങ്ങി എല്ലുമുറിയെ പണിയെടുത്ത് മാതൃകയായ പാട്ടിയമ്മ. പാപ്പമ്മാള്ക്ക് അറിയാത്ത കൃഷിയില്ല. ചെയ്യാത്ത കൃഷിയില്ല. പഠിച്ചെടുക്കാത്ത വിദ്യയില്ല. പഠിച്ചെടുത്തതൊക്കെ നാട്ടാരെ പഠിപ്പിച്ചെടുക്കുന്നതാണ് പാപ്പമ്മയ്ക്കിഷ്ടം. അത് ഡ്രിപ് ഇറിഗേഷന്‍ ആയാലും പ്രിസിഷന്‍ ഫാമിങ് ആയാലും മെതിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതായാലും വേണ്ടില്ല. ഒടുവില്‍ പാപ്പമ്മ പഠിച്ചത് ട്രാക്ടര്‍ ഓടിക്കാന്‍. അന്ന് പാപ്പമ്മയ്ക്ക് വയസ് 95. ഇപ്പോള്‍ വയസ് 107. കേമത്തരമുള്ള എത്ര വിദ്യകള്‍ പഠിച്ചെടുത്താലും ഒരു കാര്യത്തില്‍ പാപ്പമ്മാളിനൊരു നിഷ്ഠയുണ്ട്. അതത്രെ ജൈവകൃഷി.
തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് ദേവലപുരം ഗ്രാമത്തില്‍ വേലമ്മാളിന്റെയും മരുതാചല മുതലിയാരുടെയും ഈ മകള്‍ ജനിച്ചത് 1914 ല്‍. ദിരദ്ര്യമായിരുന്നു കൈമുതല്‍. പരുത്തികൃഷിയില്‍ സഹായിക്കുകയെന്നത് അറിയുന്ന ഏകതൊഴിലും. വിദ്യാഭ്യാസം തൊട്ടുതീണ്ടിയിട്ടില്ല. പക്ഷേ 2021 ല്‍ പത്മശ്രീ നല്കി ഭാരതം പാപ്പമ്മാളെ ആദരിച്ചു.
തേക്കംപട്ടിയിലെ ഒരു ചായക്കടയുമായാണ് പാപ്പമാള് ജീവിതസമരം തുടങ്ങിയത്. പിന്നീട് പച്ചക്കറി-പലവ്യഞ്ജന കച്ചവടം. അവിടെനിന്ന് കൃഷിയിലേക്ക്. അതിനായി ആദ്യം സമ്പാദിച്ചത് രണ്ടര ഏക്കര്‍ കൃഷിയിടം. പിന്നെ അത് വളര്‍ന്ന് പത്തേക്കറായി. അവിടെ ഈശ്വരനിയോഗംപോലെ അവര്‍ ജൈവകൃഷിക്ക് തുടക്കംകുറിച്ചു. ജൈവകൃഷിയെ കേവലം പ്രദര്ശനയജ്ഞമായല്ല അവര്‍ കണ്ടത്. രാസവളവും കീടനാശിനികളും പാടെ ഉപേക്ഷിച്ചു. മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് കൃഷിരീതി ഒരു കാരണമാവരുതെന്ന് നിശ്ചയിച്ചു. പക്ഷേ ജൈവ കൃഷി ലാഭകരമായി നടത്താനാവശ്യമായ സകല ആധുനിക സാങ്കേതിക വിദ്യകളും സ്വാംശീകരിക്കാന്‍ പപ്പമ്മാള്‍ മറന്നില്ല. അതറിയാന്‍ കൃഷി വിജ്ഞാന് കേന്ദ്രങ്ങളും കാര്‍ഷിക സര്‍വകലാശാലകളും മുറതെറ്റാതെ കയറിയിറങ്ങി. ഒടുവില്‍ തന്റെ കൃഷിയിടം ഒരു മാതൃകാ ജൈവകൃഷിത്തോട്ടമായത് കണ്‍കുളിര്‍ക്കെ കണ്ടു. കൃഷിവിദഗ്ദ്ധരെയും സര്‍വകലാശാലാ പ്രൊഫസര്‍മാരെയും വരെ കൃഷി പഠിപ്പിച്ചു. ഒടുവില്‍ പ്രധാനമന്ത്രിയുടെ ആദരത്തിന് പാത്രമായി. മാര്‍ച്ച് മാസം ദല്‍ഹിയില്‍ നടന്ന ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം ആണ് ആ അപൂര്‍വ നിമിഷങ്ങള്‍ക്ക് വേദിയായത്.
നീലഗിരി മലകളില്‍ നിന്നൊഴുകുന്ന ഭവാനി നദിയാണ് പാപ്പമ്മാളിന്റെ കൃഷിയിടത്തിനടുത്തുള്ള ഏകജലസ്രോതസ്. പക്ഷേ അത് കിലോമീറ്ററുകള്‍ അകലെ. അതിനാല്‍ പാടത്ത് ജലസേചന സാധ്യത തീരെ കുറവ്. അതുകൊണ്ടുതന്നെ വെള്ളം കുറച്ചു മാത്രം. ആവശ്യമായ ചെറുധാന്യങ്ങളും പയര്‍ വിളകളുമായിരുന്നു പാപ്പമ്മാള്‍ കൃഷി ചെയ്തുവന്നത്. പിന്നെ കൂടുതല്‍ കൃഷി അറിവ് നേടാന്‍ അവര്‍ അവിനാശലിംഗം സര്‍വകലാശാലയുടെ കൃഷി വിജ്ഞാന് കേന്ദ്രവുമായും തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുമായും നിരന്തരം ബന്ധപ്പെട്ടു. ഡ്രിപ് ഇറിഗേഷനിലും മൈക്രോ ഇറിഗേഷനിലുമൊക്കെ വൈദഗ്ദ്ധ്യം നേടി. ട്രാക്ടര്‍ ഓടിച്ച് നിലം ഉഴുതുമറിക്കാന്‍ പഠിച്ചു. തുടര്‍ന്ന് വരണ്ട ആ ഭൂമിയില്‍ വാഴയും ഏത്തവാഴയും നിരന്നു. മൈക്രോ ഇറിഗേഷനായിരുന്നു വാഴകൃഷിക്ക് തുണ.
പാപ്പമ്മാളിന്റെ വിജയഗാഥ കൃഷിക്കാരെയും കൃഷി വിദഗ്ദ്ധരെയും ഒരുപോലെ ആകര്‍ഷിച്ചു. തേടിയെത്തിയവര്‍ക്കെല്ലാം അവര്‍ കൃഷിപാഠങ്ങള്‍ പറഞ്ഞുകൊടുത്തു. വീട്ടിലും പാടത്തും മാത്രമല്ല, സര്‍വകലാശാലയിലും അവര്‍ പോയി കൃഷി പഠിപ്പിച്ചു. പാപ്പമാളിനെ തേടി കേന്ദ്ര മന്ത്രിമാരും വൈസ് ചാന്സലര്മാരുമൊക്കെയെത്തി. കാര്‍ഷിക സര്‍വകലാശാലയുടെ 13 വൈസ് ചാന്‍സലര്‍മാരുമായി ഇതുവരെ പാപ്പമ്മാള്‍ കൃഷി അനുഭവങ്ങള്‍ കൈമാറിയത്രേ.
ജൈവകൃഷി വികസനത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിച്ച് ഈ കര്‍ഷക മുത്തശ്ശി സ്ത്രീകളുടെ കൂട്ടായ്മയ്ക്കും രൂപംനല്കി. അത് അയല്‍ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. 2007ല്‍ ധാന്യകൃഷിക്കായി ആരംഭിച്ച വില്ലേജ് ഗ്രാനറി സ്കീം വിജയിപ്പിച്ചെടുത്തത് ഈ കൂട്ടായ്മ ആയിരുന്നു. പ്രാദേശിക പരിസ്ഥിതിക്ക് യോജിച്ച സാങ്കേതിക വിദ്യയിലും വിളരീതിയിലും ഊന്നിയ കൃഷിരീതിയായിരുന്നു പപ്പമ്മാളുടെ വിജയമന്ത്രം. കര്‍ഷകന്റെ സുസ്ഥിരതയും സാമ്പത്തികശേഷിയും ഉറപ്പാക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം.
പ്രാദേശിക രാഷ്ട്രീയത്തിലും പാപ്പമ്മാള്‍ കൈവച്ചു. ആദ്യം തേക്കംപട്ടി പഞ്ചായത്ത് അംഗം. പിന്നെ വൈസ് പ്രസിഡന്റ്. കുറെനാള്‍ പഞ്ചായത്ത് യൂണിയന് കൗണ്‍സിലര്‍. അതെല്ലാം ചെയ്തത് ജൈവകൃഷിയുടെ പ്രചാരണത്തിനുവേണ്ടി…
നൂറ്റിയേഴാം വയസ്സിലും പാപ്പമ്മാള്‍ തിരക്കിലാണ്. തലയിലെ സമൃദ്ധമായ വെള്ളിക്കമ്പികള്‍ മാടിക്കെട്ടി, ചുക്കിച്ചുളിഞ്ഞ മുഖത്ത് പല്ലില്ലാത്ത നറും പുഞ്ചിരിയുമായി നേരം വെളുക്കും മുന്‍പ് തന്നെ അവര്‍ പാടത്തിറങ്ങുന്നു. നല്ല ഭക്ഷണവും അധ്വാനവുമാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് ഉറച്ച് വിശ്വസിക്കുന്നു. റാഗിയും കഞ്ഞിയും ഉള്ളിയും പച്ചമുളകുമൊക്കെ ചേര്‍ന്ന ഉച്ചഭക്ഷണം മണ്‍പാത്രത്തിലാക്കി കൃടിയിടത്തിലേക്ക് പുറപ്പെടുന്നു. പാപ്പമ്മാള്‍ ചൂട് ഭക്ഷണം കഴിക്കില്ല. കാപ്പിയും ചായയും കുടിക്കില്ല. ഭക്ഷണം കഴിക്കുന്നത് വാഴയിലയില്‍ മാത്രം.
ജൈവകൃഷിയുടെ പ്രചരണത്തിനായി സദാ സമയം ചെലവിടുമ്പോഴും അവര്‍ക്കൊരു ഉത്കണ്ഠ പങ്കുവയ്ക്കാനുണ്ട്. യുവതലമുറയുടെ അനാരോഗ്യത്തെയും ആലസ്യത്തെയുംകുറിച്ചുള്ള ആശങ്ക. ”അസ്തമയം കഴിഞ്ഞുമുള്ള ജോലി. രാ്രതി വളരെ വൈകിയുള്ള ഉറക്കം. കൃത്രിമ ഭക്ഷണവും ജങ്ക് ഫുഡും വാരി വലിച്ച് കഴിക്കുന്ന സ്വഭാവം. അതിനൊക്കെ പുറമെ ക്രിയാത്മകമായ പോസിറ്റീവ് ചിന്തകളുടെ അഭാവം….”’
ഈ സ്ഥിതി മാറണമെന്ന് പാപ്പമ്മാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: