നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടത്ത് ജലാശയത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ ജലാശയത്തില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയേയും, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന് സജി (19), പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.
അനില കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും സെബിന് ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയത്. വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപത്തായി ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടകാര്‍ പോലീസില്‍ അറിയിച്ചതോടെ പരിശോധന നടത്തി.
തുടര്‍ന്ന് വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ ചെരിപ്പുകള്‍ കണ്ടെത്തി. നെടുങ്കണ്ടത്തുനിന്ന് എത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കാല്‍വഴുതി ജലാശയത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: