വെല്ലിങ്ടണ്‍: വനിതാ ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ നോര്‍വേയെ മലര്‍ത്തിയടിച്ച് ഏഷ്യന്‍ കരുത്തരായ ജപ്പാന് മുന്നോട്ട്. നോര്‍വെയുടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജപ്പാന്റെ തകര്‍പ്പന്‍ ജയം. മത്സരത്തില്‍ സ്കോര്‍ ചെയ്ത ജപ്പാന് സ്ട്രൈക്കര്‍ ഹിനാറ്റാ മിയാസാവ ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ സ്ഥാനത്തിനൊപ്പമെത്തി.
1995 വനിതാ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് നോര്‍വേ. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ജപ്പാന് അക്ഷരാര്‍ത്ഥത്തില്‍ കളി മൊത്തത്തില്‍ കൈയ്യടക്കുകയായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഹൈപ്രസ്സ് ഗെയിമില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നോര്‍വേ ആടിയുലഞ്ഞു.
ജപ്പാന് മുന്നേറ്റം ബ്ലോക്ക് ചെയ്ത നോര്‍വേ പ്രതിരോധ താരം ഇന്‍ഗ്രിഡ് സിര്സ്റ്റാഡ് എന്‍ഗെന്‍ ഓണ്‍ ഗോള്‍ വഴങ്ങി. മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. അഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ തിരിച്ചടിച്ച് കരുത്ത് കാട്ടി. സമനില പിണഞ്ഞെങ്കിലും ജപ്പാന് തളരാതെ പോരാടി. രണ്ടാം പകുതിയില്‍ മുന്നില്‍ കയറി. മികച്ച മുന്നേറ്റത്തിനൊടുവില്‍ 50-ാം മിനിറ്റില്‍ റിസ ഷിമിസു ഗോള്‍ നേടി. 81-ാം മിനിറ്റിലായിരുന്നു മിയാസാവയുടെ ഗോള്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ അഞ്ചാം ഗോള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മന്‍ നായിക അലക്സാന്‍ഡ്ര പോപ്പ് ആണ് ഇത്രയും ഗോളുകള്‍ നേടി മിയാസായ്ക്കൊപ്പം നില്‍ക്കുന്നത്.
വനിതാ ലോകകപ്പ് ചരിത്രത്തില്‍ ജപ്പാന്റെ നാലാം ക്വാര്‍ട്ടര്‍ പ്രവേശമാണിത്. ഇന്ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറിലെ സ്വീഡന്-അമേരിക്ക പോരില്‍ വിജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ ജപ്പാന്റെ എതിരാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: