ന്യൂദല്‍ഹി: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ചുള്ള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിയ പ്രതിഷേധം തണുപ്പിക്കാന്‍ സിപിഎം. ഷംസീറിന്റെ പ്രസംഗത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്കി. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും ചര്‍ച്ചയുമായി മുന്നോട്ടുപോകുന്നത് ഗുണകരമാകില്ലെന്നുമുള്ള നിലപാടിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി.
ഇന്ന് ഉച്ചയ്ക്കു ശേഷം ദല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളെ കണ്ട മുന്‍ സ്പീക്കറും ദേവസ്വം മന്ത്രിയുമായ കെ. രാധാകൃഷ്ണന് പറഞ്ഞ വാക്കുകള്‍ ഈ വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന സിപിഎം നിലപാടിനെ സാധൂകരിക്കുന്നതാണ്. വിശ്വാസികളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ തള്ളിപ്പറയുന്ന നിലപാടാണ് കെ. രാധാകൃഷ്ണന് സ്വീകരിച്ചത്. വ്യക്തികള്‍ പലതും പറയും എന്നാല്‍ ഒരു വിശ്വാസത്തെയും തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. വ്യക്തികള്‍ പറയുന്നതല്ല, സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് താന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തരും ഓരോന്നു പറയുന്നതിനനുസരിച്ച് ചോദ്യം ചെയ്യാനോ തിരുത്താനോ മറുപടി പറയാനോ നില്‍ക്കേണ്ടതില്ല. വ്യക്തികള്‍ പറയുന്നതിന് മറുപടി പറയേണ്ട ബാധ്യതയില്ല. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിന് അനുസരിച്ച് വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്യും. അതു പരിശോധിക്കേണ്ട ആവശ്യമില്ല. മിത്താണോ വിശ്വാസമാണോ ശാസ്ത്രമാണോയെന്ന് പരിശോധിച്ച് ദേവസ്വം മന്ത്രി മറുപടി പറയേണ്ടതില്ല.
ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് തിരുവനന്തപുരത്ത് നാമജപയാത്രയ്ക്കെതിരെ കേസെടുത്തത്. നിലവിലെ നിയമം അനുസരിച്ചാണത്. മുന്‍കൂട്ടി അനുമതിയില്ലാതെ ആരു ചെയ്താലും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറിച്ച് പറഞ്ഞതിനോട് തനിക്കൊന്നും പറയാനില്ല, എന്നാല്‍ ദേവസ്വം മന്ത്രിയെ മിത്തു മണി എന്ന് കളിയാക്കി പറയുന്നതിനോട് യോജിക്കാനാകില്ലെന്നും നടന് സലീംകുമാറിന്റെ പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ദല്‍ഹിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉള്‍പ്പെടെയുള്ളവരാണ് സംസ്ഥാനത്തുനിന്ന് പങ്കെടുക്കുന്നത്. യോഗം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: