അഗര്‍ത്തല:ഇത്രയും നാള് വടക്കന്‍ കര്‍ണ്ണാടകയെ പൊതുവിലും ഉഡുപ്പിയെ പ്രത്യേകിച്ചും പിടികൂടിയ ഹിജാബ് വിവാദം ത്രിപുരയിലും തുടങ്ങി. സ്കൂള്‍ യൂണിഫോമിനെതിരെ പ്രതിഷേധിച്ച ഒരു വിദ്യാര്‍ത്ഥി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്തു.
ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ സര്‍ക്കാര്‍ സ്കൂളായ കൊറോയ് മുറ ഹയര്‍ സെക്കന്ററി സ്കൂളിലാണ് ഹിജാബ് വിവാദം ആരംഭിച്ചിരിക്കുന്നത്. ഇവിടെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ യൂണിഫോം വലിച്ചെറിഞ്ഞ് ഹിജാബ് ധരിച്ച് വന്ന് ബലമായി ക്ലാസില്‍ ഇരിക്കുകയാണ്.
ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഹിന്ദു ആണ്‍കുട്ടികള്‍ കാവി നിറമുള്ള കുര്‍ത്ത ധരിച്ച് സ്കൂളില്‍ എത്തി പ്രതിഷേധിച്ചു. ഇതോടെയാണ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. യൂണിഫോം ധരിച്ച് ക്ലാസില്‍ കയറാന്‍ ഹെഡ്മാസ്റ്റര് കുട്ടികളെ നിര്‍ബന്ധിച്ചിരുന്നു.
“സ്കൂള്‍ അധ്യാപകരുടെ യോഗം ചേര്‍ന്ന ശേഷം എല്ലാ കുട്ടികളോടും സ്കൂള്‍ യൂണിഫോം ധരിച്ച് വരാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ മാത്രം ഹിജാബ് ധരിച്ച് വന്നു. ഹിജാബ് മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഈ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു”. – സ്കൂള്‍ ഹെഡ് മാസ്റ്റര്‍ വിശദീകരിച്ചു.
“ഹിന്ദു വിദ്യാര്‍ത്ഥികളോട് കാവി ഉപേക്ഷിച്ച് സ്കൂള്‍ യൂണിഫോമില്‍ എത്താന്‍ പറഞ്ഞപ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ നിയമം മതിയെന്നായിരുന്നു അവരുടെ മറുപടി. “- സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു. ഇതിനിടെയാണ് സ്കൂള്‍ ഹെഡ്മാസ്റ്ററുടെ മുറി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി തകര്‍ത്തത്. അയാളുടെ കൂട്ടുകാരും ഇതിന് പിന്നിലുണ്ടായിരുന്നതായി ഹെഡ്മാസ്റ്റര് പറഞ്ഞു. “ഈ വിദ്യാര്‍ത്ഥി സ്കൂളിന് പുറത്തുകടന്നപ്പോള്‍ ഒരു സംഘം മര്‍ദ്ദിച്ചതായി പറയുന്നു. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.” -അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജ്യോതിഷ്മാന്‍ ദാസ് പറയുന്നു.
ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്. വിദ്യാര്ത്ഥികക്കെതിരെ വര്‍ഗ്ഗീയ ആക്രമണമല്ല നടന്നതെന്ന് സെപാഹിജാല പൊലീസ് പറഞ്ഞു. ഇതില്‍ അന്വേഷണം നടന്നുവരികയാണ്.
പൊടുന്നനെയുള്ള ഹിജാബ് വിവാദം: പിന്നില്‍ ആര് ?
പൊടുന്നനെ ഹിജാബ് വിവാദം ത്രിപുരയില്‍ തലപൊക്കിയത് പലരേയും അതിശയിപ്പിച്ചിരിക്കുകയാണ്. സാധാരണ മതമൗലികവാദ സംഘടനകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കര്‍ണ്ണാടകത്തില്‍ പ്രമുഖ എന്‍ജിഒ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന സംശയം ഉയരുന്നുണ്ട്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ട്വീറ്റിലൂടെ പരസ്യമായി നല്കിയ നിര്‍ദേശം :
കാരണം കോണ്‍ഗ്രസ് കര്‍ണ്ണാടകത്തില്‍ അധികാരത്തില്‍ വന്ന ഉടന്‍ മൂന്ന് ഹിന്ദു വിരുദ്ധ കാര്യങ്ങള്‍ നടപ്പാക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് നിര്‍ദേശം നല്‍കിയിരുന്നു. അതില്‍ ഒന്ന് സ്കൂളില്‍ ഹിജാബ് അനുവദിക്കുക എന്നതായിരുന്നു. ത്രിപുരയിലെ ഹിജാബ് വിവാദത്തിന് പിന്നിലും ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് പുറമെ എന്‍ജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.
ആംനസ്റ്റിയും മോദി സര്‍ക്കാരും തമ്മില്‍ യുദ്ധം
ആംനസ്റ്റിയുടെ ഇന്ത്യയിലെ പല പ്രവര്‍ത്തനങ്ങളിലു ദുരൂഹതയുണ്ടെന്ന് മോദി സര്‍ക്കാരിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് മത പരിവര്‍ത്തനം ഉള്‍പ്പെടെ മറ്റ് പല കാര്യങ്ങള്‍ക്കും വിനിയോഗിക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലും സംശയിക്കപ്പെടുന്നു. ഇതേ തുടര്‍ന്ന് ആംനസ്റ്റിയുടെ ഇന്ത്യന്‍ യൂണിറ്റിന് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മോദി സര്‍ക്കാരും ആംനസ്റ്റിയും തമ്മില്‍ പരസ്യയുദ്ധത്തിലാണ്.
ഈയിടെ മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ മോദിയെ കുറ്റപ്പെടുത്തുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ആംനസ്റ്റി മുന്‍കയ്യെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: