ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുളള ചടങ്ങില്‍ ഹാരി രാജകുമാരനും ഭാര്യ മേഗന് മാര്‍ക്കലും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.സ്കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലിലെ കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ചാള്‍സ് രാജാവിന്റെ ഇളയ മകനെയും ഭാര്യയെയും ക്ഷണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മേഗന് മാര്‍ക്കലിന്റെ ജന്മദിനത്തില് രാജകുടുംബം ആശംസ നേരാത്ത പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്.
ക്ഷണം ലഭിക്കാത്ത സാഹചര്യത്തില്‍ ഹാരിയും മേഗനും സ്വന്തം നിലയില്‍ രാജ്ഞിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചേക്കും. എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ഒരു അതിഥി പട്ടിക തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രത്യേക ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
രാജകുടുംബവുമായി അകന്നതിനെ തുടര്‍ന്ന് ഹാരി രാജകുമാരനും മേഗനും 2020 ല്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിലാണ് ഹാരിയും മേഗനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം അവസാനമായി പങ്കെടുത്തത്.
എലിസബത്ത് രാജ്ഞി അന്തരിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം മേയ് മാസത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് രാജാവ് കിരീടമണിഞ്ഞു. ഈ ചടങ്ങില്‍ ഹാരി രാജകുമാരന് സഹോദരന് വില്യംസ് രാജകുമാരന് രണ്ട് വരി പിന്നിലായിരുന്നു ഇരിക്കാന്‍ കസേര നല്‍കിയത്. അതേസമയം, കിരീടധാരണ ചടങ്ങില്‍ ഭാര്യ മേഗന് മാര്‍ക്കിള്‍ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: