ഇടുക്കി : പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടുക്കി മാങ്കുളത്ത് ‘മൂന്നാര്‍ വില്ല വിസ്ത’ എന്ന റിസോര്‍ട്ട് കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്റഫിന്റെ റിസോര്‍ട്ടാണ് ‘മൂന്നാര്‍ വില്ല വിസ്ത’, 2.53 കോടി വിലമതിക്കുന്ന വസ്തുവാണ് ഇതെന്നും ഇഡി അറിയിച്ചു.
6.75 ഏക്കര്‍ ഭൂമിയില്‍ 338.03 ചതുരശ്ര മീറ്ററുള്ള നാല് വില്ലകളാണ് ഇവിടെയുള്ളത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ഇഡി ഈ വസ്തുക്കള്‍ കണ്ടുകെട്ടിയത്. പോപ്പുലര്‍ ഫ്രണ്ട്/ എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ എന്‍ഐഎ നേരത്തേയും കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധ പരിശീലനവും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ട്രെയിനിങ്ങും നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം വിദേശത്തു നിന്നും ഫണ്ട് സ്വീകരിച്ചതിനും കേസെടുത്തിട്ടുണ്ട്.
അടുത്തിടെ എന്‍ഐഎ പിഎഫ്ഐയുടെ ഏറ്റവും വലിയ ആയുധ പരിശീലന കേമ്രായ മഞ്ചേരിയിലെ ഗ്രീന്‍വാലി കണ്ടുകെട്ടിയിരുന്നു. മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഈ കെട്ടിടം ആദ്യം പിഎഫ്‌ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതാണ്. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്‌ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി.
കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സര്‍വീസ് വിങ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മറവിലും ഈ കെട്ടിടം പ്രവര്‍ത്തിച്ച് വന്നിരുന്നതായി എന്‍ഐഎയ്‌ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: