വൈക്കം: മഹാദേവക്ഷേത്രത്തില്‍ നിറയും പുത്തരിയും പത്തിനു നടക്കും. രാവിലെ 5.45നും 6.15ന് ഇടയിലാണ് ചടങ്ങ്. നിറയും പുത്തരിയും നടക്കുന്നതിനാല്‍ ക്ഷേത്രനട രാവിലെ മൂന്നിന് തുറക്കുന്നതും പ്രഭാത ശ്രീബലിക്കു ശേഷം എട്ടിന് നടയടക്കുന്നതുമാണ്. ക്ഷേത്രത്തിലെ പ്രാതല്‍ വഴിപാടും നേരത്തെയാകുമെന്ന് അഡ്മിനിസ്ട്രറ്റിവ് ഓഫിസര്‍ പി.എസ്. വിഷ്ണു അറിയിച്ചു. ഏകദേശം പതിനായിരം കതിര്‍കറ്റകള്‍ തയ്യാറാക്കാനാണ് തീരുമാനം. ഒരു കറ്റക്ക് പതിനഞ്ച് രൂപ നല്കി ഭക്തര്‍ക്ക് വാങ്ങാവുന്നതാണ്.
തൃശൂരില്‍ നിന്നും അഞ്ചിന് ക്ഷേത്രത്തില്‍ എത്തിക്കുന്ന കതിര്‍ കറ്റകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. കതിര്‍ കുലകളോടൊപ്പം പൂജിക്കാന്‍ പത്തുതരം ഇലകള്‍ ഉണ്ടാവും. ഇല്ലി, നെല്ലി, ചൂണ്ട, കടലാടി, മാവ്, ആല്‍, പ്ലാവ്, ഇലത്തി, വെള്ളിപ്പാല, കരിക്കൊടി എന്നിവയാണ് നിറയും പുത്തരിക്കും ഉപയോഗിക്കുന്ന ഇലകള്‍.
ഒരുക്കിയെടുത്ത കതിര്‍ കറ്റകള്‍ വ്യാഘ്രപാദത്തറയിലെത്തിച്ച് ആചാര പ്രകാരം പൂജിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന് സമര്‍പ്പിക്കും. ഉപദേവതമാര്‍ക്ക് സമര്‍പ്പിച്ച ശേഷം കറ്റകള്‍ ഭക്തര്‍ക്ക് നല്കും. കൊയ്‌ത്തു കഴിഞ്ഞ് നെല്ല് പത്തായത്തില്‍ സൂക്ഷിക്കുന്ന ചടങ്ങാണ് ഇല്ലം നിറ. ക്ഷേത്രങ്ങളില്‍ പുത്തരി കൊണ്ടുള്ള നിവേദ്യവും പതിവാണ്.
വൈക്കം: കുടവെച്ചൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തന്ത്രി മനയത്താറ്റ് മന ദിനേശന്‍ നമ്പൂതിരിയുടെയും മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ 10ന് നിറയും പുത്തരിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: