കണ്ണൂര്‍ : കേരളത്തില്‍ മത- സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നെന്ന് പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഷംസീറിന്റെ പരാമര്‍ശത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിത്ത് പരാമര്‍ശവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആദ്യം പറഞ്ഞത് തിരുത്തിയിരുന്നു. ഇതില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മുഹമ്മദ് റിയാസും സിപിഎം നേതാക്കളെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
മിത്ത് വിവാദത്തില്‍ ആരും പറഞ്ഞത് തിരുത്തിയിട്ടില്ല. സ്പീക്കര്‍ എ.എം. ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗണപതി മിത്താണെന്ന് താനും സ്പീക്കറും പറഞ്ഞിട്ടില്ലെന്നായിരുന്നു എം.വി. ഗോവിന്ദന് കഴിഞ്ഞ ദിവസം തിരുത്തിയത്. അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണ്. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന് മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്.
വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നുമായിരുന്നു ഗോവിന്ദന് കഴിഞ്ഞ ദിവസം അറിയിച്ചത്.
എന്നാല്‍ എം.വി. ഗോവിന്ദന് പ്രസ്താവന തിരുത്തിയെങ്കിലും സ്പീക്കര്‍ എ.എന്‍. ഷംസീറും നിലപാട് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എന്‍എസ്എസ്. വിഷയത്തില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഞായറാഴ്ച അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രതിഷേധ പരിപാടി സംബന്ധിച്ച് ഇതില്‍ തീരുമാനം കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: