ന്യൂദല്‍ഹി: കോണ്‍ഗ്രസ് ബഹിഷ്കരിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം വേദി പങ്കിട്ട് മുസ്ലീംലീഗ് നേതാവും രാജ്യസഭാ എംപിയുമായ പി.വി. അബ്ദുള്‍ വഹാബ്. ദല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് പി.വി. അബ്ദുള്‍ വഹാബ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമന്ത്രിമാര്ക്കും എംപിമാര്‍ക്കുമൊപ്പം വേദി പങ്കിട്ടത്.
ഉദ്ഘാടനക്കത്തില് മുസ്ലീംലീഗിന്റെ പ്രതിനിധിയായി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തന്നെ പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും തനിക്ക് ക്ഷണക്കത്ത് കിട്ടിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ബഹിഷ്കരണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രാവന്‍കൂര്‍ പാലസ് നവീകരണത്തിലെയും ഉദ്ഘാടനചടങ്ങിന്റെയും ധൂര്‍ത്ത് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് പരിപാടി ബഹിഷ്കരിച്ചത്. കോണ്‍ഗ്രസ് പ്രതിനിധിയായി ശശി തരൂര്‍ എംപിയെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെതുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
കേരളീയ സാംസ്കാരിക ചൈതന്യം പ്രസരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രമായി ട്രാവന്‍കൂര്‍ പാലസ് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കേരള ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ധനമന്ത്രി കെ.എന്‍. ബാല ഗോപാല്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ. രാധാകൃഷ്ണന്, പി. രാജീവ്, കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ഓം ചേരി എന്‍.എന്‍. പിള്ള, എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്, കേരള ഹൗസ് കണ് ട്രോളര്‍ സി.എ. അമീര്‍, ബാബുപണിക്കര്‍, വിനോദ് കമ്മാലത്ത്, കെ. രഘുനാഥ്, എ.എന്‍. ദാമോദരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ട്രാവന്‍കൂര്‍ പാലസില്‍ ഒരുക്കിയിരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകിട്ട് 7.30ന് നിര്‍വ്വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: