ന്യൂദല്‍ഹി: വീരമൃത്യു വരിച്ച ധീരദേശാഭിമാനികളെ ആദരിക്കുന്നതിനുള്ള എന്റെ മണ്ണ്, എന്റെ രാജ്യം യജ്ഞം ഈ മാസം ഒന്‍പത് മുതല്‍ 30 വരെ. മന് കീ ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ മണ്ണ്, എന്റെ രാജ്യം യജ്ഞത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെയും വീരസൈനികരെയും അനുസ്മരിക്കുകയാണ് ലക്ഷ്യം. 2021 മാര്‍ച്ച് 12ന് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനം കുറിക്കുന്നതാണ് ഈ യജ്ഞം. 30ന് ന്യൂദല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കുന്ന സമാപന ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.
ഒന്‍പത് മുതല്‍ രാജ്യത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ധീരദേശാഭിമാനികളുടെ സ്മരണയ്ക്കായി ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ഫലകങ്ങള്‍ സ്ഥാപിക്കും. ജീവന് ബലിയര്‍പ്പിച്ചവരുടെ പേരുകള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ സന്ദേശവും ഫലകത്തില്‍ രേഖപ്പെടുത്തും. അമൃത കലശ യാത്രയും നടത്തും. വിവിധ ഗ്രാമങ്ങളില്‍ നിന്ന് 7,500 കലശങ്ങളില്‍ മണ്ണും വിവിധ ചെടികളും ശേഖരിച്ച് അമൃത് കലശ യാത്ര ദല്‍ഹിയിലെത്തും. ഈ മണ്ണും ചെടികളും ചേര്‍ത്ത് ദേശീയ യുദ്ധസ്മാരകത്തിന് സമീപം അമൃത് വാടിക നിര്‍മ്മിക്കും. ഇത് ഏക ഭാരതം ശ്രേഷ്ഠഭാരതം എന്നതിന്റെ മഹത്തായ പ്രതീകമായി മാറും. യജ്ഞത്തെക്കുറിച്ചുള്ള വിവരങ്ങള്‍ https://yuva.gov.inഎന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഈ യജ്ഞത്തില്‍ പങ്കെടുക്കുന്നതിനൊപ്പം തന്നെ അമൃത് കാലത്തിന്റെ അടുത്ത 25 വര്‍ഷത്തേക്ക് അഞ്ച് ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുമെന്ന് പ്രതിജ്ഞയെടുക്കും. പ്രതിജ്ഞയെടുക്കുന്നതിന്റെയും കലശയാത്രയുടെയും സെല്‍ഫിയെടുത്ത് അപ്ലോഡ് ചെയ്യുന്നതിനും പരിപാടിയില്‍ ബഹുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായി https://merimaatimeradesh.gov.in എന്ന വെബ്സൈറ്റിനു തുടക്കം കുറിച്ചു. പ്രതിജ്ഞയെടുത്തശേഷം പങ്കാളിത്തം വഹിച്ചതിന്റെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഹര് ഘര്‍ തിരംഗ കാമ്പയിന് 13 മുതല്‍ 15 വരെ. എല്ലാ പൗരന്മാര്ക്കും രാജ്യത്ത് എവിടെയും ദേശീയപതാക ഉയര്‍ത്താം. ദേശീയ പതാകയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും ഹര് ഘര്‍ തിരംഗ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനും സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: