ഇസ്ലാമബാദ് : പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ഈ മാസം ഒമ്പതിന് ദേശീയ അസംബ്ലി പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാര്‍ലമെന്റ് അംഗങ്ങളുടെ ബഹുമാനാര്‍ത്ഥം നടത്തിയ അത്താഴ വിരുന്നില്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കുന്ന നീക്കമാണിത്. ഈ മാസം 9 ന്, ദേശീയ അസംബ്ലി പിരിച്ചുവിടുന്നതിന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രസിഡന്റിന് ഔപചാരിക സന്ദേശം അയയ്ക്കും. ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച്, രാഷ്ട്രപതി 48 മണിക്കൂറിനുള്ളില്‍ ഇതില്‍ ഒപ്പിടണം. എന്തെങ്കിലും കാരണവശാല്‍ രാഷ്ട്രപതി ഉപദേശത്തില്‍ ഒപ്പുവെച്ചില്ലെങ്കില്‍, നിയമസഭ തനിയെ ഇല്ലാതാകുമെന്നതാണ് നിയമം.
ഇതിന് പുറമെ പ്രതിപക്ഷവുമായി മൂന്ന് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് പ്രസിഡന്റിന് സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഉറപ്പ് നല്കി. കാവല്‍ പ്രധാനമന്ത്രിയെ സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ സമവായമുണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ധാരണയില്‍ എത്തിയില്ലെങ്കില്‍, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് നിര്‍ദ്ദിഷ്ട പേരുകളില്‍ നിന്ന് താല്‍ക്കാലിക പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: