തിരുവനന്തപുരം: വീടുകളില്‍ പ്രസവം നടത്തുന്നവരുടെ സംഖ്യ മലപ്പുറം ജില്ലയില്‍ വര്‍ധിച്ചുവരുന്നതായി ആരോഗ്യ വകുപ്പ്. മറ്റ് ജില്ലകലില്‍ നിന്നുള്ളവര്‍ പോലും പ്രസവിക്കാനായി മലപ്പുറത്തെ വീടുകളില്‍ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ കാരണം എന്തന്ന് അറിയില്ല. മിഷന് ഇന്ദ്രധനുഷ് മാധ്യമ ശില്പശാലയില് ആരോഗ്യ വകുപ്പ് മേധാവികള്‍ വ്യക്തമാക്കി. വീടികളില്‍ പ്രസവിച്ചവരുടെ കണക്ക് കൈവശമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കുട്ടികളും ഗര്‍ഭിണികളും പൂര്‍ണമായി വാക്സിന് എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാന്‍ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായുള്ള തീവ്രയജ്ഞ പരിപാടിയാണ് ഇന്ദ്രധനുഷ്. ഏതെങ്കിലും കാരണത്താല്‍ വാക്സിന് എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന് നല്കുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുള കുറവ് നികത്തുവാനുമായാണ് ഈ വര്‍ഷം മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം നടപ്പിലാക്കുന്നത്.
വാക്സിന് എടുക്കാത്തവരുടെ കാര്യത്തിലും മലപ്പുറം ജില്ലയാണ് മുന്നില്‍. വാക്സിന് എടുത്തവരുടെ സംസ്ഥാന ശരാശരി 93 അയിരിക്കുമ്പോള്‍ മലപ്പുറത്ത് 83 മാത്രമാണ്. പാലക്കാട്(92) കണ്ണൂര്‍(92) ജില്ലകളും കൂടി മാത്രമാണ് സംസ്ഥാന ശരാശരിയേക്കാള്‍ പിന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടി കളെയും 2 മുതല്‍ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികള്‍) വാക്സിന് നല്‍കുന്നതിനായി കണ്ടെത്തിയിട്ടുളളത്.
മൂന്ന് ഘട്ടങ്ങളിലായാണ് മിഷന് ഇന്ദ്രധനുഷ് 5.0 നടത്തുന്നത്. ഒന്നാം ഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മുന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷന് നല്കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം.
സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെ ട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷന് നല്‍കുന്നതാണ്. കൂടാതെ എത്തിപ്പെ ടാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായ ത്തോടെ വാക്സിനേഷന് നല്‍കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 10,086 സെഷനുകള്‍ പ്ലാന്‍ ചെയ്തിട്ടുളളതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്. എന്‍മാരാണ് വാക്സിന് നല്‍കുന്നത്. നടത്തിപ്പിനാവശ്യമായ വാക്സിനുകളും മറ്റ് സാമഗ്രികളും ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ശില്പശാല ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.ജെ. റീന അധ്യക്ഷത വഹിച്ചു. യൂണിസെഫ് കേരള- തമിഴ്നാട് ഫീല്‍ഡ് ഓഫീസ് ചീഫ് കെ.എല്‍. റാവു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, യൂണിസെഫ് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ. കൗശിക് ഗാംഗുലി, കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ദിവ്യ ശ്യാംസുധീര്‍ ബണ്ടി, ഡബ്ല്യു.എച്ച്.ഒ. സര്‍വയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. പ്രതാപ ചന്ദ്രന്, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, എസ്.എ.ടി. ആശുപത്രി അസി. പ്രൊഫസര്‍ ഡോ. പ്രിയ ശ്രീനിവാസന്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍. അജയ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: