ചാലക്കുടി: പരമ്പരാഗത കേരളീയ വാസ്തുവിദ്യാശൈലി പിന്തുടരുകയും നിർമ്മാണത്തിൽ മരം ആഡംബരത്തോടെ ഉപയോഗിക്കുകയും
ലളിത, മനോഹര രൂപകല്പനകൾകൊണ്ട് ചരിത്രത്തിലിടംപിടിച്ച, ഇപ്പോഴത്തെ അധികാരമില്ലാത്ത ശ്രീപത്മനാഭദാസന്റെ മന്ദിരമായ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന്റെ തേവാരപ്പുരയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയ്ക്ക് പൂജാകർമ്മാനുഷ്ഠാനങ്ങൾക്കായി ഉപയോഗിയ്ക്കാനുള്ള അഭിഷേകപീഠം നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ചാലക്കുടി മോതിരക്കണ്ണിയ്ക്കടുത്തുള്ള മണ്ണുംപുറം പനങ്ങാട്ട് വീട്ടിൽ അനു ആചാരി എന്ന യുവവിശ്വകർമ്മജൻ. അനു ആചാരിയും ജ്യേഷ്ഠസഹോദരൻ വിനോജ് ആചാരിയും ചേർന്നു മരത്തിൽ തീർത്ത പഴയ തിരുവിതാംകൂറിന്റെ രാജമുദ്രയും കവടിയാർ കൊട്ടാരഭിത്തിയെ അലംകൃതമാക്കിയിട്ടുണ്ട്. പരമ്പരാഗത മരപ്പണിക്കാരുടെ കുടുംബത്തിൽപ്പെട്ട അനു ആചാരിയുടെ പണിപ്പുരയിൽ ചെന്നാൽ വ്യത്യസ്തമാർന്ന
കൊത്തുപണിക്കാഴ്ചകളാണ് എങ്ങും. അമ്മയുടെ അച്ഛൻ അഞ്ചക്കളനാചാരിയും അച്ഛന്റെ അച്ഛൻ കുട്ടനാചാരിയും അച്ഛൻ പി.കെ. ഗംഗാധരനാചാരിയും മരപ്പണിയിൽ കർമ്മകുശലരായിരുന്നു. അഞ്ചക്കളന്റെ കരവിരുത് പുരാതനമായ കാർഷികോപകരണങ്ങളുടെ നിർമ്മിതിയിലായിരുന്നെങ്കിൽ കുട്ടനാചാരിയുടെ വിരുത് ചിരട്ടയിലും മറ്റും അതിമനോഹര ശില്പങ്ങൾ തീർക്കുന്നതിലായിരുന്നു. ഗംഗാധരനാചാരി സാധാരണ മരപ്പണികളിൽ ചടുലവേഗമുള്ളയാളായിരുന്നു. ഇവരുടെയെല്ലാം കാലശേഷം അനുവും വിനോജും പാരമ്പരാഗതാർജ്ജിതമായ അറിവുമായി പണിയ്ക്കിറങ്ങി.
കാർപ്പെന്ററിയിലെ ആധുനിക സങ്കേതങ്ങളെക്കുറിച്ചുള്ള പഠനം പുതിയ കാലത്തിന്റെ അനിവാര്യതാണെന്നു തിരിച്ചറിഞ്ഞ അനു, സ്കൂൾ പഠനശേഷം ചാലക്കുടി സർക്കാർ ഐ.ടി.ഐ-യിൽ കാർപ്പെന്ററി അഭ്യസിച്ചു. തുടർന്ന് കുറച്ചുകാലം കളമശ്ശേരി എച്ച്.എം.ടി. കമ്പനിയിലെ ലേത്ത് വിഭാഗത്തിൽ ക്രാഫ്റ്റ് പാറ്റേൺ മേക്കറായി പരിശീലനം നേടി. ജന്മസിദ്ധമായ കഴിവും അക്കാദമിക അറിവും കൂട്ടിച്ചേർന്നപ്പോൾ എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം തോന്നിത്തുടങ്ങി. മണ്ണുംപുറം മഹാദേവക്ഷേത്രത്തിലേയ്ക്കായി കിരാതമൂർത്തിയുടെ ദാരുശില്പം തേക്കിൻതടിയിൽ കൊത്തി. വിശ്വകർമ്മജരുടെ പരമ്പരാഗത വാസ്തുശാസ്ത്രങ്ങളെ പിൻപറ്റി കൃത്യമായ കണക്കുകളിലാണ് തന്റെ ആദ്യത്തെ ശില്പവേല അനു ആചാരി പൂർത്തിയാക്കിയത്. ക്ഷേത്രജ്ഞന്മാരും മറ്റും ശില്പത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതു പ്രചോദനമായതായി ആണ് ആചാരി പറഞ്ഞു.
അങ്ങനെയിരിയ്ക്കുമ്പോഴാണ് കവടിയാർ കൊട്ടാരത്തിലേക്ക് അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി തമ്പുരാട്ടിയുടെ നിർദ്ദേശപ്രകാരം ഒരു അഭിഷേകപീഠം നിർമ്മിക്കാൻ പൂർവ്വജന്മപുണ്യത്താലും ഗുരു കാരണവൻമാരുടെ അനുഗ്രഹത്താലും അവസരം ലഭിച്ചത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പീഠനിർമ്മാണം പൂർത്തീകരിച്ചു. 8 ഇഞ്ച് സമചതുരത്തിൽ വരിയ്ക്കപ്ലാവിൽ ഐരാവത മസ്തകരൂപത്തിൽ, ധ്വജയോനിക്കണക്കിൽ കൊത്തിയെടുത്ത പീഠം, തൃശ്ശൂർ ജില്ലയിലെ തൃക്കൂർ മഹാദേവ സന്നിധിയിൽ വച്ചാണ് ഗുരുപൂർണ്ണിമാ നാളിൽ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയ്ക്ക് സമർപ്പിച്ചത്. പ്രഗത്ഭരായ വിശ്വകർമ്മജരുടെ വിസ്മയിപ്പിക്കുന്ന അനേകം നിർമ്മിതികളുള്ള കവടിയാർ കൊട്ടാരത്തിന്റെ തേവാരപ്പുരയിലേയ്ക്കാണ് പീഠം നിർമ്മിച്ചത്. ഇതുകൂടാതെ ഇക്കഴിഞ്ഞ ജൂൺ 6ന് പഴയ തിരുവിതാംകൂറിന്റെ അടയാളമായ ശംഖ് മുദ്ര തടിയിൽ തീർത്ത് കവടിയാറിൽ കൊണ്ടുപോയി തമ്പുരാട്ടിയ്ക്കു സമർപ്പിയ്ക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് അനുവും വിനോജും.
വീടിനോട് ചേർന്നുതന്നെ വിശ്വകർമ്മ ഹാൻഡിക്രാഫ്റ്റ്സ് എന്ന പേരിലുള്ള പണിശാലയിലിരുന്നാണ് നിർമ്മാണങ്ങളെല്ലാം. കൂർമ്മപീഠിക (ആവണപ്പലക), കലപ്പ, ജലചക്രം, കാളവണ്ടി എന്നിവയുടെ മിനിയേച്ചറുകൾ, യോഗദണ്ഡുകൾ, മെതിയടികൾ, തേവാരപ്പെട്ടികൾ, ഉടുക്ക്, വിവിധതരം മെമെന്റോകൾ, പൂജാപീഠങ്ങൾ, ജ്യോത്സ്യന്മാർക്കാവശ്യമായ രാശിപ്പലകകൾ തുടങ്ങി വ്യത്യസ്തങ്ങളായ മരപ്പണികളുമായി ജീവിതം മെനഞ്ഞെടുക്കുകയാണ് ആണ് അനു ആചാരി.
കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് നടപ്പിലാക്കിയ വിശ്വകർമ്മ പിന്നാക്കവിഭാഗങ്ങൾക്കുള്ള പി.എം. ദക്ഷ് സ്കിൽ ഇന്ത്യ പരിശീലനപരിപാടി ചാലക്കുടിയിൽ വച്ചു നടന്നപ്പോൾ അതിൽ പങ്കെടുക്കാനുള്ള അവസരം ഇദ്ദേഹത്തിനുണ്ടായി. സ്വന്തം കഴിവുകളെ സ്വന്തം പ്രയത്നം കൊണ്ട് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിശ്വകർമ്മജരുടെ ഇടയിലെ യുവാക്കൾക്ക് ഉണ്ടാകണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്. ചെറുകിട സംരംഭകർക്കുള്ള ലോണുകളും മറ്റു സാമ്പത്തിക സഹായങ്ങളും സർക്കാർ തലത്തിൽ ഉണ്ടെങ്കിലും അതേക്കുറിച്ചുള്ള അറിവുകൾ ഈ രംഗത്തെ പുതുതലമുറയ്ക്കില്ല. വിശ്വകർമ്മജരിലെ (മയ വിഭാഗം) മരപ്പണിക്കാർ, പ്രത്യേകിച്ച് പുതിയതലമുറ ഈ രംഗം വിട്ടൊഴിയുകയാണെന്നും കുലത്തൊഴിലിനോടുള്ള വിമുഖതയ്ക്ക് സാമൂഹികമായ പല കാരണങ്ങളുണ്ടെന്നും അനു ആചാരി പറഞ്ഞു. അമ്മ അമ്മിണി, ബിരുദാനന്തര ബിരുദത്തിനു പഠിയ്ക്കുന്ന ഭാര്യ ഹരിത, മകൾ ശ്രീദുർഗ്ഗാ എന്നിവരുടെ പ്രോത്സാഹനങ്ങളാണ് സാമ്പത്തികപരാധീനതകളുള്ളപ്പോഴും തന്നെ ഈ രംഗത്ത് നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂവപ്പടി ജി. ഹരികുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: