കൊച്ചി: വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ആധാര്‍ പരിശോധന നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് വിശദീകരണം ബോധിപ്പിക്കണമെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര -സംസ്ഥാന ഗതാഗത കമ്മിഷണര്‍മാരോടാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഭര്‍ത്താവ് തന്റെ വ്യാജ ഒപ്പിട്ട് വാഹനത്തിന്റെ രജിസ്ട്രേഷന് മാറ്റിയ നടപടി ചോദ്യം ചെയ്തു യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.
1989ലെ സെന്‍ട്രല്‍ മോട്ടര്‍ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആവശ്യമായ ഫോം 29, 30 എന്നിവയില്‍ ഭര്‍ത്താവ് തന്റെ ഒപ്പ് വ്യാജമായി ഇട്ടുകൊടുത്ത് ഉടമസ്ഥാവകാശം മാറ്റിയെന്നാണ് ആരോപണം.
രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങള്‍/തിരുത്തലുകള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് യുവതി തന്റെ അപേക്ഷയില്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന് കേന്ദ്ര, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എന്നിവരുടെ അഭിപ്രായം തേടിയത്. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് കോടതിയില്‍ ഹാജരാവാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: