അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ സിടി സ്കാനിങ് സെന്ററിന്റെ പ്രവര്‍ത്തനം നിലക്കാന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ. രണ്ട് മെഷീനുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണത്തിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ നിലച്ചിരുന്നു. 2010ലാണ് ഈ യന്ത്രം വാങ്ങിയത്. 10 വര്‍ഷമായിരുന്നു ഇതിന്റെ കാലാവധി. കാല പരിധി അവസാനിക്കുന്നതിന് മുന്‍പ് അടുത്ത യന്ത്രം വാങ്ങാനായി ആശുപത്രി അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ശേഷിക്കുന്ന മറ്റൊരു യന്ത്രമുപയോഗിച്ചാണ് സ്കാനിങ് നടന്നു വന്നിരുന്നത്.ദിവസേന 70 മുതല്‍ 80 വരെ സ്കാനിങാണ് ഇവിടെ നടക്കുന്നത്.
കുറഞ്ഞ നിരക്കില്‍ സ്കാനിങ് നടത്താമെന്നത് സാധാരണ രോഗികള്‍ക്ക് ആശ്വാസകരമായിരുന്നു. എന്നാല്‍ രണ്ടാമത്തെ യന്ത്രത്തിന്റെ പ്രവര്‍ത്തനവും നിലച്ചതോടെ സാധാരണ രോഗികള്‍ വലഞ്ഞിരിക്കുകയാണ്. ഇരട്ടിയിലധികം തുകയാണ് സ്വകാര്യ സ്കാനിങ് സെന്ററുകളില്‍ നല്‍കേണ്ടത്. 35 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്. ഒരു യന്ത്രം മാത്രം പ്രവര്‍ത്തിച്ചപ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്കു പോലും സ്കാനിങിനായി ഒരു മാസത്തെ നീണ്ട തീയതിയാണ് നല്‍കിയിരുന്നത്. മരുന്ന് കുത്തിവെച്ച് സ്കാനിങ് നടത്തേണ്ട രോഗികളുടെ സ്കാനിങിനും നീണ്ട അവധിയാണ് നല്‍കുന്നത്.
ഇതിനാല്‍ രോഗികളുടെ രോഗ നിര്‍ണയം വൈകുകയാണ്. അത്യാസന്ന നിലയിലായ രോഗികള്‍ക്ക് സ്കാനിങ് വൈകുന്നതോടെ പല രോഗികളും മരണത്തിനും കീഴടങ്ങേണ്ട സ്ഥിതിയാണ്. സ്വകാര്യ സ്കാനിങ് സെന്ററുകളില്‍ ഇവിടുത്തേതിനേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ഈടാക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് സ്കാനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കാലാവധി കഴിയുന്നതിന് മുന്‍പ് അടുത്ത യന്ത്രം വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ നടത്താത്ത അധികൃതരുടെ അലം ഭാവം മൂലം നൂറു കണക്കിന് രോഗികള്‍ക്ക് ആശ്രയമാകുന്ന സ്കാനിങ് സെന്റര്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: