തൃശൂര്‍: അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ കുട്ടികളുടെ പാര്‍ക്ക് നാഥനില്ലാതെ കാടുകയറി നശിക്കുന്നു. രാവിലെയും വൈകുന്നേരവും സ്ഥിരമായി നടക്കാനെത്തിയിരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ അനുഗ്രഹമായിരുന്നു ഈ പാര്‍ക്ക്.
എന്നാല്‍ ഇപ്പോള്‍ പാര്‍ക്കിനുള്ളില്‍ കുട്ടികളുമായി കയറാന്‍ ആളുകള്‍ ഭയക്കുന്നു. പുല്ലുകള്‍ വളര്‍ന്നു കാടായി. ഇഴജന്തുക്കളെ ഭയക്കാതെ പാര്‍ക്കില്‍ നടക്കാനോ കുട്ടികള്‍ക്ക് കളിക്കാനോ കഴിയില്ല. ഇലക്ട്രിക് വയറുകള്‍ പൊട്ടിച്ചിതറി കിടക്കുന്നു. ലൈറ്റുകള്‍ പലതും കേടായതിനാല്‍ വൈകുന്നേരങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ല. പാര്ക്കിന് നടുവിലെ ഫിഷ് ടാങ്കില്‍ ചെളിവെള്ളമാണ് കെട്ടിക്കിടക്കുന്നത്. മരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികളുടെ കാഷ്ടം പാര്‍ക്കില്‍ നടക്കുന്നവരുടെ തലയിലും ദേഹത്തും വീഴുന്നതും വലിയ പ്രശ്നമാണ്.
ഒരു പരിഷ്കൃത നഗരത്തില്‍ പാര്‍ക്കുകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കി അധികാരികള്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രശ്നം. ഓരോ വര്‍ഷവും അനേകം പുതിയ താമസക്കാര്‍ ഈ ഭരണസിരാകേന്ദ്രത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. പുതിയ ഫ്ളാറ്റുകളും വില്ലകളും അയ്യന്തോളില്‍ ധാരാളമായി ഉയര്‍ന്നുവരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ക്ക് നാഥനില്ലാതെ നശിപ്പിക്കുന്നത് ജനങ്ങളോടും നാടിനോടും ചെയ്യുന്ന വലിയ ക്രൂരതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
1952 ല്‍ കളക്ടറേറ്റിനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ക്കും വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ മിച്ചം വന്ന സ്ഥലമാണ് ഇപ്പോള്‍ പാര്‍ക്ക് ആയി ഉപയോഗിക്കുന്നത്. റവന്യു വകുപ്പിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കോടികള്‍ വിലമതിക്കുന്ന ഈ ഭൂമിയില്‍ മുന്‍ എംഎല്‍എ മാരും, എംപി മാരും, ബാങ്കുകളുമെല്ലാം അനേക ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.
അമൃത് പദ്ധതിയില്‍ 30 ലക്ഷത്തിന്റെ പണികള്‍ മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. ജില്ലാ ഭരണകേന്ദ്രത്തിന്റെ ശ്വാസകോശമായ അയ്യന്തോള്‍ കുട്ടികളുടെ പാര്‍ക്ക് സംരക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ ജെയിംസ് മുട്ടിക്കല്‍ കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: