ന്യൂദല്‍ഹി: 13ാമത് ഇന്ത്യന്‍ അവയവദാന ദിനാചരണത്തെ (ഐഒഡിഡി) അഭിസംബോധന ചെയ്യവേ ‘മറ്റൊരാള്‍ക്ക് ജീവന്‍ നല്‍കുന്നതിനേക്കാള്‍ വലിയ സേവനം മാനവികതയ്‌ക്ക് ഉണ്ടാകില്ല’ എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിമാരായ ഡോ. ഭാരതി പ്രവീണ്‍ പവാര്‍, പ്രൊഫ. എസ്. പി. സിംഗ് ബാഗേല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ധീരമായ തീരുമാനത്തിന് മരണമടഞ്ഞ ദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതിനും മരണ ശേഷമുള്ള അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയവദാന, ട്രാന്‍സ്പ്ലാന്റേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും വേണ്ടിയാണ് 13ാമത് ഐഒഡിഡി ചടങ്ങ് സംഘടിപ്പിച്ചത്. 2013ല്‍ 5000ത്തോളം പേര്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടു വന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ മാണ്ഡവ്യ പറഞ്ഞു.
ഇപ്പോള്‍ പ്രതിവര്‍ഷം 15,000 അവയവദാതാക്കളാണുള്ളത് . രാജ്യത്ത് അവയവദാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അവയവദാതാക്കളുടെ അവധിക്കാലം 30 ദിവസത്തില്‍ നിന്ന് 60 ദിവസമാക്കി ഉയര്‍ത്തിയതായും 65 വയസ്സ് പ്രായപരിധി ഒഴിവാക്കിയതായും അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കിയതായും അദ്ദേഹം അറിയിച്ചു. രാജ്യത്ത് അവയവദാനം ജനകീയമാക്കുന്നതിന് കൂടുതല്‍ നയങ്ങളും പരിഷ്‌കാരങ്ങളും കൊണ്ടുവരാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാതാക്കളുടെ കുടുംബങ്ങള്‍; ട്രാന്‍സ്പ്ലാന്റ് പ്രൊഫഷണലുകള്‍; MyGov, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ദല്‍ഹി പോലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, അവയവദാനത്തിനായുള്ള ബോധവല്‍ക്കരണ പ്രചാരണം ‘അംഗദാന്‍ മഹോത്സവ്’ ആരംഭിച്ചു.
കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങള്‍, സംസ്ഥാനകേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റ്റുകള്‍ / ആശുപത്രികള്‍ / സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, എന്‍ജിഒകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ സഹകരണത്തോടെ നഗരം മുതല്‍ ഗ്രാമതലം വരെ രാജ്യമെമ്പാടും അംഗദാന്‍ മഹോത്സവം ആചരിക്കുന്നു. പ്രചാരണത്തിന്റെ ഭാഗമായി 2023 ജൂലൈ മാസത്തെ അവയവദാന മാസമായി ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: