നിരൂപിച്ചാല്‍ ഇവിടം പുറമേയായിട്ട് പരം ജഡമായി ഇരിപ്പതാകുന്നു. ചിരകാലംകൊണ്ട് അസത്തും അഭ്യുത്ഥിതവുമായ ഇത് അചേതനവും മൂകവുമാണ്, ഇതു നശിച്ചുപോകുന്നതുമാണ്. വായുവിനാല്‍ പരം വിസ്ഫുരത്താകുന്ന ഈ ശരീരം ദൃഢമായും ഞാനല്ല. നിരൂപിച്ചാല്‍ ശൂന്യത്തില്‍ ഭവിച്ചതായി, നിരാകാരനായി, സ്ഥിരതയില്ലാത്തതായി, അറിവില്ലാത്തതായി, ചെവിക്ക് ഭോജ്യമായിരിക്കുന്ന ശബ്ദം ദൃഢമായും ഞാനല്ല.
ത്വക്കിനാല്‍ അറിവതും വേറെപ്രകാരത്തില്‍ അല്പവും അറിഞ്ഞീടാത്തതും നിരൂപിച്ചീടില്‍ ചിത്പ്രസാദത്താല്‍ പരം പ്രകാശിതരൂപമായതും ക്ഷണം നശിച്ചുപോയീടുന്നതും അചേതനവുമായ സ്പര്‍ശം ദൃഢമായും ഞാനല്ല. അസ്സാരമായി, ലോലക്ഷണികസത്തയാകുന്ന രസനയാല്‍ ലബ്ധസ്വരൂപമായി, പദാര്‍ത്ഥനിഷ്ഠമായി, ചെറിയ സ്പന്ദമായി, ജഡമാകുന്ന രസം ദൃഢമായും ഞാനല്ല. ക്ഷണം വശിച്ചുപോയീടുന്ന ദൃശ്യദര്‍ശനങ്ങളായീടുന്നവയില്‍ ലീനമായി, ജഡമായി, ദ്രഷ്ടാവില്‍ അവിദ്യ മാനമായീടുന്ന രൂപവും ദൃഢമായും ഞാനല്ല. ഉടന്‍ നശിച്ചുപോയീടുന്നതായി, ഗന്ധജഡയാം മൂക്കിനാല്‍ വിരചിതമായി, അനിയത ആകാരമതായി, ജഡമായിത്തനുവായ ഗന്ധം ദൃഢമായും ഞാനല്ല. മമതവിട്ടവനായ ഗതപഞ്ചേന്ദ്രിയഭ്രമന്‍ ഞാന്‍ ശാന്തന്‍, മനനമറ്റവന്‍, കലാകലനവര്‍ജിതനായുള്ളവന്‍, വേണ്ടുവോളം ശുദ്ധചേതനനായുള്ളവന്‍, പുറത്തുമുള്ളിലും ഒരുപോലെ വ്യാപിച്ചിരിക്കുന്നവന്‍, ചേത്യവിഹീനചിന്മാത്രന്‍, നിരംശമായിട്ടും വിമലമായിട്ടും പരം വിളങ്ങുന്ന സ്വയം ജ്യോതിസ്സാണു ഞാന്‍. ഞാന്‍ അറിഞ്ഞു, പരമാര്‍ത്ഥമായതഖിലവുംഇപ്പോള്‍ നന്നായിട്ടറിഞ്ഞു. വികല്പമില്ലാത്ത ചിദാഭാസന്‍ പരന്‍ അഘ(പാപ)ഹീനന്‍ സര്‍വഗതനാകുന്ന ആത്മാവാണു ഞാന്‍. അനല്പമായ തേജസ്സിനാല്‍ വിളങ്ങീടുന്ന, ചേതനനായ ഞാനായീടുന്ന പ്രദീപത്താല്‍ ഘടപടാ(കുടം, വസ്ത്രം)ദിയാല്‍ ദിനകരാന്തമായീടുന്ന ഇതൊക്കെയും വിളങ്ങിക്കൊള്ളുന്നു. വര്‍ദ്ധിച്ച കാമത്തോടെ ഈ പഞ്ചേന്ദ്രിയങ്ങളും ഉള്ളില്‍ പ്രകാശമാനനായി ഇരിക്കുമെന്നാല്‍ തന്നെ വിചിത്രങ്ങളായി ബൃഹദ്ഭാനുകണം പോലെ സ്ഫുരച്ചീടുന്നു. സരോജസംഭവസദനത്തിന് അങ്ങേപ്പുറത്തും പ്രളയകാലത്തും പദത്തെ കൈക്കൊണ്ടു എന്റെ രൂപം അനക്കം കൂടാതെ പ്രസിരച്ചിടുന്നു.
ചിന്തിക്കുകില്‍ ഇവന്‍ ഞാനെന്നുള്ളതില്‍ ഉണ്ടാകുന്ന ചിന്തയ്‌ക്ക് അവലംബമില്ല. എവിടെയും നിറഞ്ഞിരിക്കുന്ന എനിക്ക് ഈവണ്ണം സ്വല്പത ഭവിച്ചിരിക്കുന്നു. പരമമായീടുന്ന ഉപശമംകൊണ്ട് വിലസുന്ന എന്റെ ദൃഷ്ടിസകലവസ്തുദര്‍ശനങ്ങളില്‍ നികാമം ആനന്ദം അനുഭവിക്കുന്നവനായി, ചിത്സ്വരൂപിണിയായി എപ്പോഴും ജയിച്ചീടുന്നു. ശേഷമില്ലാത്ത ഭാവത്തിന്റെ അന്തഃസ്ഥിതനായി സര്‍വവിഷയാതീതനാകുന്ന ചിദാത്മകനായി, പരനായി, പ്രത്യക്‌ചേതനസ്വരൂപരായിരിക്കുന്നവര്‍ എന്നെത്തന്നെ നമസ്‌കരിക്കുന്നു. വിമലയായി, നിര്‍വികാരയായി, സമതചേര്‍ന്നതായി, പരയാകുന്ന ചിത്തിനാല്‍ വിചിത്രശക്തികള്‍ രചിക്കപ്പെടുന്നതില്‍ വിചാരിച്ചാല്‍ വാദമില്ലതന്നെ. ത്രികാലങ്ങളെയും നിനക്കാതെ ചിത്തിന്ന് അകന്നു ദൃശ്യത്തിലുണ്ടാകുന്ന ബന്ധനം അകലെ ദൃശ്യത്തെവെടിഞ്ഞ് ചിത്തെങ്കില്‍ സമതമാത്രമായി അവശേഷിക്കുന്നു. സമതയെപ്രാപിച്ചിരിക്കുന്ന ചിത്ത് വചനത്തിന് എത്താതിരിക്കുന്നതുകൊണ്ട് ലോകത്തില്‍ ശൂന്യവാദിയാകുന്ന മദമായുള്ള സത്തയെ പ്രാപിച്ചതുപോലാകുന്നു. സ്പൃഹാസ്പൃഹങ്ങളായ (സ്പൃഹ=ഇച്ഛ, കൊതി) മലങ്ങളാല്‍ ആവലിതയായിരിക്കുന്ന ചിത്തുതന്നെ അഴകൊടെ ഉല്‍പ്പതിച്ചിടുന്നതിന്ന് ഒട്ടും കഴിവില്ലാത്തതായി ചമഞ്ഞീടുന്നു. ചരടുകൊണ്ട് നല്ലവണ്ണം മുറുക്കിക്കെട്ടിയിട്ടിരിക്കുന്ന പെണ്‍പക്ഷിയെപ്പോലെ പരം ഇച്ഛാദ്വേഷസമുത്ഥമാകുന്ന മോഹഭരം നിമിത്തം ഈ ശരീരികളെല്ലാം ധരാവിവരത്തില്‍ (ഭൂമിയിലെ കുഴികളിലോ പൊത്തുകളിലോ) കിടന്നിടുന്ന കീടനിരകളോടേറ്റം കിടനിന്നിടുന്നു.
സദാപി അഖണ്ഡചിത്സ്വരൂപനായി വിളങ്ങും ആത്മാവാകുന്ന എനിക്ക് വന്ദനം. ജഗജ്ജാലങ്ങളെ പ്രകാശിപ്പിച്ചിരുന്നരുളുന്ന സുരത്‌നമാകുന്ന ദേവ! കളങ്കം കൂടാതെ വിളങ്ങുന്ന നിന്നെ വളരെക്കാലംകൊണ്ടു ഞാന്‍ വേണ്ടവണ്ണം പ്രാപിച്ചു. ശ്രുതി(വേദം)യാലും ഗുരുവചനങ്ങളാലും ഇക്കാലം നീ വിചാരിതനാകുന്നു. അതുനിമിത്തം വികല്പസഞ്ചയത്തില്‍നിന്ന് നീ ഉദ്ധൃത(ഉദ്ധരിക്കപ്പോട്ടവന്‍)നായിവന്നു. വിചാരിച്ചാല്‍ സച്ചിദാനന്ദാദി ലക്ഷണസ്വരൂപനായി വിളങ്ങുന്ന നീ പരിചില്‍ ഐക്യമാര്‍ന്നു. അനന്തനായി വിളങ്ങുന്ന നിന്നെ ഇടമുറിയാതെ ഞാന്‍ വണങ്ങുന്നു. അനന്തനായി ഞാനായി വിളങ്ങുന്ന നിനക്കായിക്കൊണ്ടിതാ വിഭോ! നമസ്‌കാരം. ശിവസ്വരൂപനായി വിളങ്ങുന്ന നീയായുള്ള എനിക്കായിക്കൊണ്ടിതാ നമസ്‌കരിക്കുന്നു. പരനായി, ദേവദേവനായി വിളങ്ങുന്ന പരമാത്മാവിനെ ഞാന്‍ നമസ്‌കരിക്കുന്നു. ചിന്തിച്ചീടുകില്‍ അവിദ്യയുടെ ആവരണം ആകെ അകലെപ്പോയതായി, എപ്പോഴും മേഘമറ്റ നല്ല ചന്ദ്രബിംബംപോലെ വിളങ്ങുന്നതായി, ആനന്ദാത്മകമായുള്ള തന്റെ സ്വരൂപത്തില്‍ സ്വയം സംസ്ഥിതനായി, സ്വയം ഉദിതനായി, അനന്യാധീനനായി, സ്വമായാപൂരത്തെ ഞാന്‍ നമസ്‌കരിക്കുന്നു. നിരൂപിച്ചാല്‍ ഇരിക്കയാണെങ്കിലും ഒരിക്കലും ഇരുന്നീടുന്നതില്ല, നിരൂപിച്ചാല്‍ നടക്കിലും ഇല്ലാ ഗമനം, ശാന്തനായീടിലും നന്നായി വ്യവഹരിക്കുന്നു. പലതും നന്നായി ചെയ്തിടുമാറുണ്ടെന്നാകിലും ഒന്നുംതന്നെ തൊടുന്നതേയില്ല.
കാറ്റ് തളിരിലകളെ അതിമാത്രം ചലിപ്പിച്ചിടുന്നതുപോലെ എപ്പോഴും പരനായീടുന്ന ചില്‍പ്പുരുഷന്‍ അന്തഃകരണങ്ങളെ ചലിപ്പിച്ചിടുന്നു. തേരാളി കുതിരകളെപ്പോലെ തന്റെ ഇന്ദ്രിയങ്ങളെ നന്നായി ഭരിച്ചുകൊള്ളുന്നു. ഇവനെത്തേടേണം, പുകഴ്‌ത്തേണം, ഇവനെ ധ്യാനിച്ചു സദാ സേവിക്കേണം, എന്നാല്‍ ജരാമരണമാകുന്ന മഹാമോഹം നീങ്ങി പെട്ടെന്ന് സ്വരൂപത്തെ പ്രാപിക്കാം. ഇവനെ പ്രാപിച്ചാല്‍ ഒട്ടും പ്രയാസമില്ല. ഇവന്‍ ചിന്തിച്ചാല്‍ പെട്ടെന്നു ജയിക്കാവുന്നവനാണ്. ഇവന്‍ ചിന്തയില്‍ പ്രിയ ബന്ധുസദൃശനാകുന്നുവെന്നതില്‍ സംശയമില്ല. സമസ്തമായ ശരീരമാകുന്ന താമരകള്‍ക്കുള്ളില്‍ വണ്ടെന്നപോലെ ഇരിക്കുന്നവനിവനാണ്. എന്റെ ബുദ്ധിയില്‍, ഭോഗസ്ഥിതിയില്‍ ഇപ്പോള്‍ കൊതി, ഭോഗം എന്നിവ വേണ്ട. വരുന്നതേതൊന്നാണ് അതിങ്ങുവന്നോട്ടെ, പരം നശിപ്പതൊക്കെയും നശിച്ചോട്ടെ. ഇതുവരേക്കും എന്റെ വിവേകത്തെയെല്ലാം വിദഗ്ധനും അജ്ഞാനവിവക്ഷകനും ഒരുത്തരുമൊട്ടും ധരിക്കാതെകണ്ടു ഹരിച്ച് അതിമാത്രം എന്നെ ഉപദ്രവിച്ചു. പരമാകുന്ന ഭാവത്താല്‍ ഗളിതമായി ഞാന്‍ കേവലനായിങ്ങനെ മരുവീടുന്നു. ഹൃദയം, ഈപ്‌സിതം, അഹങ്കാരം, ഭാവം എന്നിവകള്‍ വിട്ടു കേവലനായി, ശുദ്ധനായി ചലനംകൂടാതെ വിളങ്ങുന്ന ആത്മാവില്‍ എന്റെ സ്വരൂപം സ്ഥിതിചെയ്തീടുന്നു. എന്റെ ദേഹമായീടുന്ന പക്ഷിക്കൂട്ടില്‍നിന്ന് ആശയായീടുന്ന കയറിനെ അറുത്ത് ഉടനെ അഹങ്കാരിയാകുന്ന പക്ഷിണി പറന്നെവിടെച്ചെന്നതെന്നറിവില്ല. വസ്തുശ്രീ വളരെയിരിപ്പുണ്ടെങ്കിലും നീ നിതാന്തം വിളങ്ങുന്നില്ലെങ്കില്‍ മിഴിയില്ലാത്തവനാണ്, സ്ത്രീയുടെ അഴകെന്നപോലെ ഒട്ടും പ്രകാശിക്കില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക