കോഴിക്കോട്: സ്വാമി ചിന്മയാനന്ദ സ്വാമികളെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് തൊണ്ടയാട് ചിന്മയാ വിദ്യാലയത്തില്‍ ചിന്മയാനന്ദസ്വാമികളുടെ സമാധി ദിനാചരണത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാനവും വിജ്ഞാനവും പ്രചരിപ്പിക്കാന്‍ ചിന്മയാനന്ദ സ്വാമികള്‍ ലോകമെമ്പാടും സഞ്ചരിച്ചു. ജീവിതം അതിനായി സമര്‍പ്പിച്ചു. അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.
ചിത്രശലഭങ്ങള്‍ എല്ലായിടത്തും പാറിപ്പറക്കുന്നു. അവ ആനന്ദം നല്കുന്നു. അവയുടെ ധര്‍മ്മം ചെയ്യുന്നു. ഈ ചിത്രശലഭങ്ങള്‍ മുട്ട,ലാര്‍വ,സമാധി എന്നീ മൂന്നു ജീവിത ഘട്ടം കടന്നാണ് ശലഭ പൂര്‍ണത പ്രാപിച്ചത്. അതില്‍ ലാര്‍വയുടെ കാലത്ത് കിട്ടാവുന്നതെല്ലാം അത് ഭക്ഷിക്കുകയായിരുന്നു. ഉറക്കവും വിശ്രമവുമില്ലാതെ തിന്നു. പിന്നെ സ്വയം ഉണ്ടാക്കിയ കവചത്തില്‍ സ്വാതന്ത്ര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഏറെക്കാലം ധ്യാനിച്ചു. അതിനുശേഷമാണ് മനോഹരമായ ശലഭമായത്. അതുപോലെയായിരുന്നു സ്വാമിജിയും. നിരന്തര അന്വേഷണമായിരുന്നു. അറിയാനുള്ള അന്വേഷണം. അത് സ്വാമി ശിവാനന്ദ സരസ്വതി സ്വാമികളിലും പിന്നീട് തപോവനം സ്വാമികളിലുമെത്തി പൂര്‍ണതനേടി.
എന്നാല്‍ സ്വന്തം സംതൃപ്തിക്കായിരുന്നില്ല ആ അന്വേഷണം. അദ്ദേഹം ലഭിച്ച് അറിവ് അവസാന നിമിഷം വരെ ലോകത്തിന് പങ്കുവെച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ തുടങ്ങിയ ഗീതാജ്ഞാനയജ്ഞം ലോകമെമ്പാടും വ്യാപിപ്പിച്ചു. ആധ്യാത്മികതയോടൊപ്പം സാമാജിക സേവനത്തിനായി ചിന്മയ മിഷന് സ്ഥാപിച്ചു. എല്ലാ പ്രവര്‍ത്തനവും ധര്‍മ്മത്തില്‍ ആധാരിതമാകണമെന്ന തിരിച്ചറിവില്‍ ധര്‍മ്മ സംരക്ഷണത്തിന് വിശ്വഹിന്ദു പരിഷത്തിന് രൂപംകൊടുത്തു. സമൂഹത്തില്‍നിന്ന് താന്‍ നേടിയതൊക്കെയും തിരിച്ച് സമൂഹത്തിനും രാഷ്ട്രത്തിനും കൊടുക്കാന്‍ മാതൃകയാകുകയായിരുന്നു ചിന്മയാനന്ദ സ്വാമികളെന്ന് സ്വാമി ചിദാനന്ദപുരി വിശദീകരിച്ചു.
സമൂഹത്തിന്റെ പ്രകൃതിയുടെ പങ്കുപറ്റിയാണ് നമ്മുടെയെല്ലാം ജീവിതം എന്ന് ശാസ്ത്രീയമായി അന്വേഷിച്ചാല്‍ മനസ്സിലാകും. സ്വീകരിച്ചത് പ്രകൃതിക്കും സമൂഹത്തിനും തിരികെ കൊടുത്ത് കടം വീട്ടണം. അങ്ങനെ ചെയ്യാത്തവര്‍ പെരുംകൊള്ളക്കാര്‍ എന്ന അര്‍ത്ഥം വരുന്ന ‘തേനന്മാര്‍’ ആണെന്നാണ് ഭഗവദ് ഗീത പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ജീവിത്തിന് സമൂഹം, രാഷ്ട്രം മുടക്കുന്നത് തിരിച്ചറിയണം. അത് അവര്‍ രാഷ്ട്രത്തിന് തിരിച്ചു നല്‍കണം. അതിനായി അവര്‍ മഹജ്ജീവിതം നയിച്ചവരെ മാതൃകയാക്കണം. അപ്പോള്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ വീഴില്ല, കൃത്യമായ ലക്ഷ്യമുണ്ടാകും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: