കൊച്ചി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ മദന്‍ദാസ് ദേവിയുടെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞുവെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. എറണാകുളം എളമക്കര ഭാസ്‌കരീയത്തില്‍, ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ദാസ് ദേവിയുടെ അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് കാണുന്ന മാറ്റത്തിന് അടിസ്ഥാനം മദന്‍ദാസ് എബിവിപി ദേശീയ സംഘടനാസെക്രട്ടറിയായിരിക്കെ വിഭാവനം ചെയ്ത സ്റ്റുഡന്റ് എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിങ് (എസ്ഇഐഎല്‍) പോലുള്ള പ്രവര്‍ത്തനങ്ങളാണ്. സംഘം എന്താണെന്ന് ജീവിച്ച് കാണിച്ച വ്യക്തിയായിരുന്നു മദന്‍ദാസ് ദേവി. ഇന്നത്തെ വിദ്യാര്‍ഥികള്‍ ഇന്നത്തെ പൗരന്മാരാണെന്ന കാഴ്ചപ്പാട് നാടിന് നല്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായി യുവാക്കളെ അദ്ദേഹം അണിനിരത്തി. പ്രവര്‍ത്തകരുടെ കാര്യശേഷിയിലും സ്വഭാവരൂപീകരണത്തിലും മദന്‍ദാസ്‌ദേവി കൂടുതല്‍ ശ്രദ്ധ നല്കിയിരുന്നു, സേതുമാധവന്‍ പറഞ്ഞു.
സമാജത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, വെട്ടിപ്പിടിക്കാനുള്ള മനോഭാവം വേണമെന്ന് പഠിപ്പിച്ച ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു മദന്‍ദാസ് ദേവിയെന്ന് ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് സി.കെ. സജി നാരായണന്‍ അനുസ്മരിച്ചു. പ്രസ്ഥാനത്തിന് വേണ്ടി അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ മദന്‍ദാസ് ദേവി നടത്തിയ ശ്രമങ്ങള്‍ ചരിത്രം രേഖപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് പറഞ്ഞു. വലിയ മനസിന്റെ ഉടമയായിരുന്നു മദന്‍ദാസ് ദേവിയെന്ന് അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗം ഡോ.എം. രാജേന്ദ്രകുമാര്‍ അനുസ്മരിച്ചു.
മദന്‍ദാസ് ദേവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷമായിരുന്നു അനുസ്മരണ സമ്മേളനം. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് പി. വിജയകുമാര്‍ അധ്യക്ഷനായിരുന്നു.
ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: