വാരാണസി : ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുക്ഷേത്രം നിലനിന്നതിന്റെ അടയാളങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതിയില്‍ ഹര്‍ജി. ശൃംഗാര്‍ ഗൗരി-ഗ്യാന്‍വാപി കേസ് ഫയല്‍ ചെയ്ത അഞ്ച് ഹിന്ദു സ്ത്രീകളില്‍ ഒരാളായ രാഖി സിംഗാണ് ഹര്‍ജി നല്‍കിയത്.
മസ്ജിദ് പരിസരത്ത് ക്ഷേത്രം നിലനിന്നതിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി സിംഗ് ആരോപിച്ചു.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് അഞ്ജുമാന്‍ ഇന്റസാമിയ മസാജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്എം യാസിന് പറഞ്ഞു, ‘ഞങ്ങളുടെ അഭിഭാഷകന് ഇക്കാര്യത്തില്‍ പ്രതികരിക്കും.’ ഓഗസ്റ്റ് നാലിന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചതായി ഹര്‍ജിക്കാരിയുടെ അഭിഭാഷകന് അനുപം ദ്വിവേദി പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുളള സ്റ്റേ നീട്ടിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി.വാരാണസി ജില്ലാ കോടതിയുടെ ജൂലൈ 21ലെ ഉത്തരവ് ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍വേ നിര്‍ത്തിവച്ചത്.
ജൂലൈ 21 ന്, വാരണാസിയിലെ ജില്ലാ കോടതി,മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിലാണോ മസ്ജിദ് നിര്‍മ്മിച്ചതെന്ന് പരിശോധിക്കാന്‍ ആര്ക്കയോളൊജിക്കല് സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കാലനിര്‍ണയം, ഖനനം, ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിച്ച് സമഗ്രമായ സര്‍വേ നടത്താന്‍ ജില്ലാ ജഡ്ജി എഎസ്ഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: