ന്യൂദല്‍ഹി : ലൈഫ് മിഷന് കേസില്‍ മുഖ്യപ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന് ജാമ്യം. ചികിത്സയ്ക്കായാണ് സുപ്രീംകോടതി രണ്ട് മാസത്തേയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
ശിവശങ്കറിന് അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള ആശുപത്രിയില്‍ ആവശ്യപ്പെടുന്ന ചികിത്സ അനുവദിക്കാമെന്നായിരുന്നു ഇഡി കോടതിയില്‍ അറിയിച്ചത്. എന്നാല്‍ നട്ടെല്ലിനു ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ശിവശങ്കര്‍ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രേഖകളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരത്തോ കോട്ടയത്തോ ചികിത്സയ്ക്ക് വിധേയനാകാനാണ് താത്പ്പര്യമെന്നും ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ദുരുപയോഗം ചെയ്യരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, ചികിത്സയ്ക്ക് മാത്രമാണ് ഇളവ് നല്‍കിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.
യുഎഇ റെഡ് ക്രെസന്റ് നല്കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്കി സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയെടുത്തുവെന്നതാണ് ഇഡിയുടെ കേസ്. നിര്‍മാണ കരാര്‍ നേടിയെടുക്കുന്നതിനായി ശിവശങ്കറിന് കോഴ നല്കി. ഈ പണമാണ് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
കേസില്‍ കഴിഞ്ഞ ഫെബ്രുവരി 15 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ജയിലില്‍ കഴിയുകയായിരുന്നു. ചികിത്സയ്ക്കായി ജാമ്യം വേണമെന്ന് കോടതിയില്‍ ശിവശങ്കര്‍ വാദിച്ചപ്പോള്‍ ആരോഗ്യ പ്രശ്ങ്ങളുടെ പേരില്‍ ജാമ്യം അനുവദിക്കരുത്, അത് അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്. വിചാരണ ഉടന്‍ തുടങ്ങുന്നതിനാല്‍ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കും. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് സ്വര്‍ണക്കളളക്കടത്തുകേസില്‍ ജാമ്യം നേടി ശിവശങ്കര്‍ തൊട്ടു പിന്നാലെ ജോലിയില്‍ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നുമാണ് ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: