ബെംഗളൂരു: പൊതുസിവില്‍നിയമം സ്ത്രീകളുടെ അവകാശവും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ന്യൂദല്‍ഹി ഇന്ത്യാ ഫൗണ്ടേഷന് പ്രസിഡന്റും ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനുമായ ഡോ. രാം മാധവ്. പൊതുസിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് ഷാബാനോ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതാണ്. അന്നത്തെ ഭരണപക്ഷം രാഷ്ട്രീയതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി അതിന് തയാറായില്ലെന്ന് ബെംഗളൂരു മല്ലേശ്വരം എംഎല്‍എ കോളജില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം നല്കാന് മുസ്ലീം വ്യക്തിനിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാബാനോയ്ക്ക് ജീവനാംശം നിഷേധിക്കുന്നത്. രാജ്യത്തെ പൗരന്മാര്ക്ക് പൊതു സിവില്‍ കോഡ് കൊണ്ടുവരാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു എന്നതാണ് ഷാ ബാനോ കേസ് വിധിയുടെ പ്രധാനപ്പെട്ട വശം.
ഡോ.ബി.ആര്. അംബേഡ്കര്‍ ഇത് ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന് ഉറപ്പുനല്‍കിയിരുന്നു, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ മറികടക്കാന്‍ പൊതുസിവില്‍ നിയമം ആവശ്യമാണെന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
1950-കളിലെ ഹിന്ദു കോഡ് ബില്‍ ഹിന്ദു വ്യക്തിനിയമം പരിഷ്കരിക്കാന്‍ സഹായിച്ചതെങ്ങനെയെന്ന് പുതിയ തലമുറ അറിയണം. സിവില്‍ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കി. 1995ല്‍ ഒരു ഹിന്ദു ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെ രണ്ടാമതും വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച സംഭവവുമുണ്ടായിട്ടുണ്ട്, രാംമാധവ് ചൂണ്ടിക്കാട്ടി.
മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പരാമര്‍ശിക്കുന്ന ശരീഅത്ത് 1937 ല്‍ ബ്രിട്ടീഷുകാരാണ് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ശരിഅത്ത് ദൈവികമാണെന്നും അത് മാറ്റേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുന്നത് അടിസ്ഥാനരഹിതമാണ്. വിവാഹം, വിവാഹമോചനം, സ്വത്ത് അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയവയാണ് പൊതുസിവില്‍കോഡ് പ്രധാനമായും ഊന്നുക. അതിന് ഏതെങ്കിലും മതവുമായി ഒരു ബന്ധവുമില്ല. ഓരോ പൗരന്റെയും ക്ഷേമം ഉറപ്പാക്കാന്‍ പൊതുസിവില്‍ കോഡിന് സാധിക്കും, രാം മാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: