ധാക്ക: കുക്കിഭീകരരുടെ കുടിയേറ്റം അവസാനിപ്പിക്കാന്‍ ബംഗ്ലാദേശും ഇന്ത്യയും കൈകോര്‍ക്കുന്നു. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുക്കി ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നതിന്റെ പശ്ചാത്തലത്തിലാണ് സമാനമായ വെല്ലുവിളി നേരിടുന്ന ബംഗ്ലാദേശിന്റെ നീക്കം. മേഖലയില്‍ പുതുതായി രൂപം കൊണ്ട വെല്ലുവിളികള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ കൈമാറി. ഭീകരസംഘടനയായ കുക്കി-ചിന്‍ നാഷണല്‍ ആര്‍മി (കെഎന്‍എ) അടുത്തിടെ ബംഗ്ലാദേശ് സൈന്യവുമായും എലൈറ്റ് ആന്റി ക്രൈം ഫോഴ്സ് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനുമായും (ആര്‍എബി) നിരവധി ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ബംഗ്ലാദേശ് ആര്‍മിയിലെ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി സൈനികര്‍ ഏറ്റുമുട്ടലില്‍ മരിച്ചു, ബംഗ്ലാദേശ് സൈന്യം തിരിച്ചടി കടുപ്പിച്ചതോടെ കുക്കി ഗറില്ലകള്‍ ചിതറി ചിറ്റഗോങ് മലമേഖലകളില്‍ ഒളിത്താവളങ്ങളിലേക്ക് മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം, ബംഗ്ലാ സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനില്‍ കുക്കി തീവ്രവാദികളുടെ ആസ്ഥാനവും രഹസ്യ പരിശീലന സ്ഥലവും തകര്‍ത്തിരുന്നു. ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ചിറ്റഗോങ് ഹില്‍ ട്രാക്ട്‌സ്, മിസോറം മേഖലകളാണ് ഇപ്പോള്‍ ഇവരുടെ ഒളിത്താവളങ്ങള്‍. നേരത്തെ ഇവരെ തുരത്തുന്നതിന് വേണ്ടി ഒളിത്താവളങ്ങളില്‍ സൈന്യം നൂറുകണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിന് കുക്കികള്‍ പലായനം ചെയ്തിരുന്നു. മിസോറാമിലേക്കാണ് അഭയാര്‍ത്ഥികളുടെ വേഷത്തില്‍ ഇവര്‍ കടന്നുകയറിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള രണ്ട് ഭീകരരെ ജൂണ്‍ ആദ്യം ആസാം റൈഫിള്‍സ് പിടികൂടി മിസോറാം പോലീസിന് കൈമാറിയിരുന്നു.
കഴിഞ്ഞ മാസം ലോങ്ട്ലായ് ജില്ലയിലെ വനത്തില്‍ ഐഇഡി സ്ഫോടനം നടന്നതും സൈന്യം നിരീക്ഷിക്കുന്നുണ്ട്. ചിറ്റഗോങ് മലമേഖലകളില്‍ താവളമുറപ്പിക്കാന്‍ കുക്കി ഭീകരരെ ഇസ്ലാമിക ഭീകര സംഘടനയായ ജമാഅത്തുല്‍ അന്‍സാര്‍ ഫില്‍ ഹിന്ദാല്‍ ശര്‍ഖിയ സഹായിച്ചുവെന്നും ബംഗ്ലാദേശ് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കെഎന്‍എയും ഇസ്ലാമിസ്റ്റ് ഭീകര സംഘടനയും തമ്മിലുള്ള ബന്ധം ആസാം റൈഫിള്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം നടത്താന്‍ മിസോറാമിനെ താവളമാക്കിയേക്കുമെന്ന ആശങ്കയിലാണ് ഇരുരാജ്യങ്ങളും സംയുക്ത ഓപ്പറേഷന് ഒരുങ്ങുന്നത്.
അതേസമയം, മ്യാന്‍മര്‍, ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ആസാം റൈഫിള്‍സും ബിഎസ്എഫും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: