ചെന്നൈ: ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ ഹോക്കി ടീമിന് കിട്ടാവുന്നതിലും വച്ച് ഏറ്റവും വലിയ പരിശീലന കളരിയായി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി. ഇന്ന് തുടങ്ങുന്ന മത്സരം ഈ മാസം 12ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. ടൂര്‍ണമെന്റിന്റെ ഏഴാം പതിപ്പാണിത്. ഇന്ത്യ ആദ്യമായി ആഥിത്യമരുളുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും നടക്കുന്നത് ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന് സ്റ്റേഡിയത്തിലാണ്.
ആറ് ടീമുകളാണ് മത്സരിക്കുക. ഉദ്ഘാടന ദിവസം എല്ലാ ടീമുകളും മാറ്റുരയ്ക്കും. വൈകീട്ട് നാലിന് നടക്കുന്ന ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ കൊറിയ ജപ്പാനെ നേരിടും. വൈകീട്ട് ആറേ കാലിന് മലേഷ്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്കാണ് ഇന്ത്യയുടെ കളി. അയല്‍ക്കാരായ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍.
ആറ് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടന്നിട്ടുണ്ടെങ്കിലും 2021ല്‍ വെങ്കലം നേടാനായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. നാല് പതിറ്റാണ്ട് കാലത്തെ ഒളിംപിക്സ് മെഡല്‍ വറുതി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഏഷ്യന്‍ ചാമ്പ്യന്സിലെയും നേട്ടം. സമീപകാലത്ത് മികവ് പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്. ആതിഥേയ ടീം എന്ന ആനുകൂല്യം കൂടി മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
റൗണ്ട് റോബിന് പ്രകാരമുള്ള കളികള്ക്കൊടുവില് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമിയില്‍ പോരാടിക്കും. പിന്നെ ഫൈനലില്‍ ചാമ്പ്യന്‍ ടീമിനെ നിര്‍ണയിക്കും. ഫൈനലിന് തൊട്ടുമുമ്പ് മൂന്നാം സ്ഥാനപോരാട്ടവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: